കനത്ത പ്രതിസന്ധികൾക്കിടയിലും 2021-–-22 സാമ്പത്തികവർഷം 57,586.48 കോടി രൂപ മൂല്യമുള്ള 13,69,264 മെട്രിക് ടൺ സമുദ്രോൽപ്പന്ന കയറ്റുമതി കൈവരിച്ച് ഇന്ത്യ. ശീതീകരിച്ച ചെമ്മീൻ ഏറ്റവുംവലിയ കയറ്റുമതി ഉൽപ്പന്നമായി. അമേരിക്കയും ചൈനയും ഇന്ത്യൻ സമുദ്രോൽപ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികളായി. കയറ്റുമതി 31.71 ശതമാനം വളർച്ചനേടി. 2020––21 സാമ്പത്തികവർഷത്തിൽ 43,720.98 കോടി രൂപ മൂല്യമുള്ള 11,49,510 മെട്രിക് ടൺ കയറ്റുമതിയായിരുന്നു നേടിയത്. കോവിഡ് വെല്ലുവിളികളെ നേരിട്ടാണ് രാജ്യം നേട്ടത്തിലെത്തിയതെന്ന് എംപിഇഡിഎ ചെയർമാൻ ഡോ. കെ എൻ രാഘവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശീതീകരിച്ച ചെമ്മീൻ 42,706.04 കോടി രൂപ നേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 31.68 ശതമാനം വർധന. ഏറ്റവും വലിയ വിപണിയായ അമേരിക്ക 3,42,572 മെട്രിക് ടൺ ശീതീകരിച്ച ചെമ്മീൻ ഇറക്കുമതി ചെയ്തപ്പോൾ ചൈന 1,25,667 മെട്രിക് ടണ്ണും യൂറോപ്യൻ യൂണിയൻ 90,549 മെട്രിക് ടണ്ണും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ 44,683 മെട്രിക് ടണ്ണും ജപ്പാൻ 38,492 മെട്രിക് ടണ്ണും മധ്യപൂർവദേശ രാജ്യങ്ങൾ 37,158 മെട്രിക് ടണ്ണും സമുദ്രോൽപ്പന്നങ്ങൾ ഇന്ത്യയിൽനിന്ന് വാങ്ങി.
വനാമി ചെമ്മീന്റെ കയറ്റുമതിയും 5,15,907 മെട്രിക് ടണ്ണിൽനിന്ന് 6,43,037 മെട്രിക് ടണ്ണായി. മറ്റുള്ള മീനുകളുടെ കയറ്റുമതിയിലും 3,979.99 കോടി രൂപയുടെ വിൽപ്പന. വരുമാനത്തിൽ 43.8 ശതമാനത്തിന്റെ വർധന. ശീതീകരിച്ച മീൻ 3471.91 കോടി രൂപയുടെ വിറ്റുവരവ് നേടി. കൂന്തൽ കയറ്റുമതി 75,750 മെട്രിക് ടണ്ണായി 2,806.09 കോടി രൂപയുടെ വിദേശനാണ്യം നേടി. 58,992 മെട്രിക് ടൺ കണവയുടെ കയറ്റുമതിയിലൂടെ 26.83 ശതമാനം വളർച്ച നേടി. ഉണക്കിയ സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി വിപണി 73,679 മെട്രിക് ടണ്ണായി ഉയർന്നു. ജീവനോടെ കയറ്റുമതി ചെയ്യുന്ന ഇനങ്ങളിൽ 47.43 ശതമാനം വളർച്ചയുമുണ്ടായി.