മുംബൈ, കണ്ണൂർ ∙ കേറ്ററിങ് ജോലിക്കായി ചൊവ്വാഴ്ചയാണ് കണ്ണൂർ സ്വദേശി സഞ്ജു ഫ്രാൻസിസ് (38) മുംബൈയിൽ എണ്ണ പ്രകൃതി വാതക കോർപറേഷന്റെ (ഒഎൻജിസി) റിഗ്ഗിലേക്കു യാത്ര തിരിച്ചത്; പക്ഷേ ആദ്യദിനം തന്നെ കാത്തിരുന്നത് മരണം. ചൊവ്വാഴ്ചയുണ്ടായ കോപ്റ്റർ അപകടത്തിലാണ് സഞ്ജുവുൾപ്പെടെ 4 പേരുടെ ജീവൻ പൊലിഞ്ഞത്. ഒഎൻജിസിയുടെ കേറ്ററിങ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.എണ്ണപ്പാടങ്ങളുള്ള മുംബൈ ഓഫ്ഷോറിലെ സാഗർ കിരൺ എന്ന റിഗ്ഗിൽ ജോലിക്കു ചേരുന്നതായി ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് അമ്മയെ വിളിച്ചു പറഞ്ഞതിനു ശേഷമാണു ഹെലികോപ്റ്ററിൽ കയറിയത്. സാഗറിലേക്കെത്താൻ ഒന്നര കിലോമീറ്റർ ശേഷിക്കെ രാവിലെ 11.45നാണ് കോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായതും അടിയന്തര ലാൻഡിങ്ങിനു ശ്രമിക്കുന്നതിനിടെ അപകടത്തിൽപെട്ടതും. ചാലാട് പടന്നപ്പാലം കൃപയിൽ പരേതനായ കെ. സണ്ണി ഫ്രാൻസിസിന്റെയും മേരി അംബികയുടെയും മകനാണ്. സഹോദരൻ: ഡിക്സൺ.