23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ജിഎസ്‌ടി നഷ്ടപരിഹാരം തുടരില്ല ; പിടിവാശിയില്‍ കേന്ദ്രം
Kerala

ജിഎസ്‌ടി നഷ്ടപരിഹാരം തുടരില്ല ; പിടിവാശിയില്‍ കേന്ദ്രം

സംസ്ഥാനങ്ങൾക്കുള്ള ജിഎസ്‌ടി നഷ്ടപരിഹാരം തുടരുന്നതിൽ ചണ്ഡീഗഡിൽ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ തീരുമാനമായില്ല. നഷ്ടപരിഹാരം നൽകുന്നത്‌ തുടരണമെന്ന്‌ യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളും ശക്തമായി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയില്ല. കോവിഡ്‌ മഹാമാരി സൃഷ്ടിച്ച കെടുതികളിൽനിന്ന്‌ കരകയറാൻ കഴിഞ്ഞിട്ടില്ലെന്ന്‌ സംസ്ഥാനധനമന്ത്രിമാർ ചൂണ്ടിക്കാട്ടി. കേന്ദ്രനിലപാടിൽ മാറ്റമുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി സംസ്ഥാന ധനമന്ത്രിമാർ യോഗശേഷം മാധ്യമങ്ങളോട്‌ പറഞ്ഞു. നഷ്ടപരിഹാര സെസ്‌ ഈടാക്കുന്നത്‌ 2026 മാർച്ച്‌ 26 വരെ തുടരാൻ കേന്ദ്രസർക്കാർ കഴിഞ്ഞയാഴ്‌ച വിജ്ഞാപനമിറക്കി. സംസ്ഥാനങ്ങൾക്ക്‌ മുൻവർഷങ്ങളിൽ നഷ്ടപരിഹാരം നൽകാനായി എടുത്ത വായ്‌പയുടെ തിരിച്ചടവോടെയാണ്‌ സെസ്‌ തുടർന്നും ഈടാക്കുന്നതെന്നാണ്‌ കേന്ദ്രത്തിന്റെ വിശദീകരണം. കോവിഡ്‌ പ്രതിസന്ധി കാരണം വരുമാനം ഇടിഞ്ഞെന്ന്‌ കേന്ദ്രം സമ്മതിക്കുകയും ചെയ്‌തു. 2020–-21, 2021–-22 വർഷങ്ങളിൽ നഷ്ടപരിഹാരഫണ്ടിൽ വരുമാനക്കുറവ്‌ ഉണ്ടായതിനാൽ കേന്ദ്രം യഥാക്രമം 1.1 ലക്ഷം കോടിയും 1.59 ലക്ഷം കോടിയും പ്രത്യേക വായ്‌പ എടുത്താണ്‌ സംസ്ഥാനങ്ങൾക്ക്‌ നഷ്ടപരിഹാരം വിതരണം ചെയ്‌തത്‌. എന്നാൽ വരുമാനത്തിലെ ഇടിവ്‌ സംസ്ഥാനങ്ങൾക്കും നേരിടേണ്ടിവന്നെന്ന്‌ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.

2017ൽ ജിഎസ്‌ടി നടപ്പാക്കിയപ്പോൾ സംസ്ഥാനങ്ങൾക്ക്‌ നേരിട്ട വരുമാനനഷ്ടം പരിഹരിക്കാനാണ്‌ കേന്ദ്രം ഇതിനായി പ്രത്യേക സെസ്‌ വഴി ഫണ്ട്‌ സമാഹരിച്ചത്‌. അഞ്ച്‌ വർഷത്തേക്ക്‌ ഏർപ്പെടുത്തിയ സംവിധാനം ഈ മാസത്തോടെ അവസാനിക്കും.

അഞ്ച് വർഷംകൂടി തുടരണം
സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നഷ്ടപരിഹാരം നൽകുന്നത്‌ അഞ്ചുവർഷംകൂടി തുടരണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്‌ നിവേദനം നൽകി. കോവിഡ്‌ സംസ്ഥാനസമ്പദ്‌ഘടനയിൽ ഏൽപ്പിച്ച ആഘാതം തുടരുന്നു. കേരളത്തിന്‌ കേന്ദ്രത്തിൽനിന്ന്‌ ലഭിക്കേണ്ട നികുതിവരുമാനത്തിൽ തുടർച്ചയായി ഇടിവുണ്ടാകുന്നു. കടമെടുപ്പുപരിധിയിലും ധനമന്ത്രാലയം അനാവശ്യ നിയന്ത്രണം കൊണ്ടുവരുന്നു.

സാമൂഹികക്ഷേമപദ്ധതിച്ചെലവുകൾ സംസ്ഥാനങ്ങൾക്ക്‌ വെട്ടിക്കുറയ്‌ക്കാനാകില്ല. വരുമാനത്തിൽ പതിവ്‌ വളർച്ചയുണ്ടായാലും സംസ്ഥാനങ്ങൾ ബുദ്ധിമുട്ടും. ഇത് രാജ്യത്തിന്റെ വളർച്ചയെ മുരടിപ്പിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ജിഎസ്‌ടി വരുമാനം സംസ്ഥാനങ്ങളും കേന്ദ്രവും 60:40 എന്ന അനുപാതത്തിൽ പങ്കിടണമെന്നാണ്‌ വിദഗ്‌ധസമിതി ശുപാർശ. 50:50 എന്ന ക്രമത്തിലാണ്‌ ഇപ്പോൾ വീതിക്കുന്നത്‌. ഇത്‌ 60:40 ആയി മാറ്റണം. 28 ശതമാനം നികുതി ചുമത്തുന്ന ചരക്കുകളുടെ എണ്ണം കുറച്ചെങ്കിലും വിപണിയിൽ വിലക്കുറവ്‌ അനുഭവപ്പെടുന്നില്ല.

ഇൻപുട്ട്‌ ടാക്‌സ്‌ തിരിച്ചുനൽകുന്ന സംവിധാനം പൂർണമായും ഫലപ്രദമായില്ല. ഇതിന്റെ വിവരങ്ങൾ സംസ്ഥാനങ്ങളുമായി പങ്കിടണം. പത്തിൽനിന്ന്‌ 20 ശതമാനമായി കേന്ദ്ര തീരുവകൾ വർധിപ്പിച്ചത്‌ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

Related posts

ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു

Aswathi Kottiyoor

ഓണം ബംപർ സൂപ്പർഹിറ്റ്:വിൽപന 25 ലക്ഷം കടന്നു

Aswathi Kottiyoor

അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ സ്കി​ൽ പാ​ർ​ക്ക്

Aswathi Kottiyoor
WordPress Image Lightbox