ബഫർസോണ്‍ പ്രശ്നം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ബഫർസോണ്‍ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും സണ്ണി ജോസഫ് എംഎൽഎ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. സുപ്രീംകോടതി ഉത്തരവ് മൂലം ജനങ്ങൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും സണ്ണി ജോസഫ് സഭയിൽ ഉന്നയിച്ചു.
കേരളത്തിൽ പരിസ്ഥിതി ലോല മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് വീടുവയ്ക്കാൻ സാധിക്കുമോ? വീട്ടിൽനിന്ന് ഇറങ്ങേണ്ടിവരുമോ ?. കൃഷി ചെയ്യാൻസാധിക്കുമോ? തുടങ്ങിയ ആശങ്കകൾ ജനങ്ങളിൽ ഉണ്ടെന്നും പ്രതിപക്ഷം സഭയിൽ പറഞ്ഞു.
അതേസമയം ഈ വിഷയം നിരവധി തവണ നിയമസഭ ചർച്ച ചെയ്തതാണെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. പരിസ്ഥിതിലോല മേഖല ഉത്തരവിനെതിരെ റിവ്യു പെറ്റീഷൻ നൽകുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. കേരളത്തിലെ സാഹചര്യം ബോധ്യപ്പെടുത്തി കേന്ദ്രത്തിന് കത്തയച്ചുവെന്നും ശശീന്ദ്രൻ വ്യക്തമാക്കി.