: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. വൈദ്യുതി ലഭ്യതയിലുള്ള കുറവു നികത്തുന്നതിനായി അതതു സമയങ്ങളിൽ പവർ എക്സ്ചേഞ്ചിൽനിന്നാണ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയത്.
ഇതു കൂടാതെ ജലവൈദ്യുത പദ്ധതികളിൽനിന്നുള്ള ഉത്പാദനം പരമാവധി ഉയർത്തിയാണ് പ്രതിസന്ധി തരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു. നിലവിൽ മൂന്നു ജലവൈദ്യുത പദ്ധതികളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഭൂതത്താൻകെട്ട്, തൊട്ടിയാർ, പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി ഈ സാന്പത്തിക വർഷംതന്നെ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
മിനി ഫുഡ് പാർക്ക് പദ്ധതി നടപ്പാക്കും: മന്ത്രി പി. രാജീവ്
സംസ്ഥാനത്ത് വ്യവസായ വകുപ്പിനു കീഴിൽ ഭക്ഷ്യ സംസ്കരണത്തിനായി മിനി ഫുഡ് പാർക്ക് പദ്ധതിക്കു രൂപം നൽകിയെന്നു മന്ത്രി പി.രാജീവ്. ഇതു പ്രകാരം വിവിധ ജില്ലകളിൽ അനുയോജ്യമായ ഭൂമിയുടെ ലഭ്യതയും പദ്ധതിയുടെ സാധ്യതയും ആധാരമാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ നിയമവും ചട്ടവും പരിഷ്കരിക്കും: മന്ത്രി
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുമെന്നു മന്ത്രി പി. രാജീവ്. നിലവിൽ ഏഴു നിയമങ്ങളിലും പത്തു ചട്ടങ്ങളിലും ഭേദഗതി വരുത്തിയ നിയമം നിലവിൽ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ കടബാധ്യത 3,32,291 കോടി രൂപ: മന്ത്രി
അക്കൗണ്ടന്റ് ജനറലിന്റെ കണക്കു പ്രകാരം 2022 മാർച്ച് 31വരെ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 3,32,291 കോടിരൂപയാണെന്നു മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. 2010-11 സാന്പത്തിക വർഷത്തെ അപേക്ഷിച്ച് 2015- 16 ആയപ്പോൾ ബാധ്യത ഇരട്ടിയായി വർധിച്ചു.
കോവിഡും പ്രകൃതിദുരന്തങ്ങളും ഉണ്ടായിട്ടും 2020-21 അവസാനം മൊത്തം ബാധ്യതയിൽ 2015-16 നെ അപേക്ഷിച്ചുള്ള വളർച്ച 88.66 ശതമാനത്തിൽ പരിമിതപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കേണ്ട സാഹചര്യം നിലവിലില്ല. സാന്പത്തിക ബുദ്ധിമിട്ടുണ്ടെങ്കിലും കേരളത്തിനാവശ്യമുള്ള വികസനവുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.
നെല്ലുസംഭരണത്തിനു സഹകരണസംഘത്തിന്റെ ഇടപെടലുണ്ടാകും: മന്ത്രി വി.എൻ. വാസവൻ
സംസ്ഥാനത്തു നെല്ലുസംഭരണത്തിനു സഹകരണ സംഘത്തിന്റെ ഇടപെടലുണ്ടാകുമെന്നു മന്ത്രി വി.എൻ. വാസവൻ. കോട്ടയം ആസ്ഥാനമായി സ്ഥാപിച്ച നെല്ലുസംഭരണ സംസ്കരണ വിപണന സംഘവും പാലക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സഹകരണ സംഘവും ഈ രംഗത്ത് ഇടപെടുമെന്നും മന്ത്രി പറഞ്ഞു. കാർഷിക വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു സംസ്ഥാന സർക്കാർ നൽകുന്ന മൂന്നു ശതമാനം സബ്സിഡി കൃത്യസമയത്തു വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ സംഘങ്ങളിലെ ക്രമക്കേടു തടയാൻ ശക്തമായ നടപടി: മന്ത്രി വാസവൻ
സഹകരണസംഘങ്ങളിലെ ക്രമക്കേടുകൾ തടയുന്നതിനു ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി വി.എൻ. വാസവൻ. ക്രമക്കേടുകൾ ഒതുക്കി തീർക്കാൻ ശ്രമങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങളുടെ ഓഡിറ്റ് ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.