*മാതൃകയായി മാങ്കുളം
ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പ്രോജക്ട് ശിൽപശാലയിലെ സുസ്ഥിര ജീവിതശൈലിയിലൂടെ ഹരിത സമ്പദ്‌വ്യവസ്ഥയിലേക്ക് കടക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്ത സെഷൻ പങ്കുവെച്ചത് അധികവും വിജയഗാഥകളായിരുന്നു. മാങ്കുളം പഞ്ചായത്തിന്റെ ജൈവ രീതിയിലൂന്നിയ കാർഷിക മുന്നേറ്റ മാതൃക ഏറെ അഭിനന്ദനം നേടി.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ അനുഭവം പങ്കിടൽ. ദീർഘാകാലം ലാഭം ലഭിക്കുന്നതിനുള്ള സാധ്യത, വിപണിയിൽ നല്ല വില ലഭ്യമാക്കുക തുടങ്ങിയവ വെല്ലുവിളിയായ സാഹചര്യത്തിൽ പ്രത്യേക ഇടപെടൽ നടത്തിയാണ് നേട്ടമുണ്ടാക്കിയതെന്ന് കെ. എ. ഡി. എസ് ഡയറക്ടർ ആന്റണി പറഞ്ഞു. ജൈവ കൃഷി രീതിയിൽ പരിശീലനം നൽകുകയും കൃഷിയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ നൽകുകയും വിപണി കണ്ടെത്തുകയും ചെയ്തത് നേട്ടമായി. കർഷകരുടെ ഉത്പന്നങ്ങൾക്ക് കയറ്റുമതിയിലൂടെ വിപണി വിലയെക്കാൾ കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞു.
ചിന്നാർ വന്യജീവി സങ്കേത പ്രദേശത്തെ കൃഷിയിലെ നേട്ടവും സെഷനിൽ പങ്കുവെച്ചു. ഈ പ്രദേശങ്ങളിലെ കുട്ടികളിൽ കണ്ടെത്തിയ പോഷകാഹര കുറവ് പരിഹരിക്കുന്നതിനാണ് റാഗി ഉൾപ്പെടെ 35 ഇനം ചെറു ധന്യങ്ങളുടെ കൃഷി ആരംഭിച്ചത്. ഇത് കൂടുതൽ പ്രദേശങ്ങളിൽ വ്യാപിപ്പിക്കുകയും വരുമാന ദായകമാക്കുകയും ചെയ്തുവെന്ന് ഇവിടെ സാമൂഹിക പ്രവർത്തനം നടത്തുന്ന കെ വി മിനിമോൾ പറഞ്ഞു. യു എൻ ഡി പി, വനം വകുപ്പ്, പഞ്ചായത്ത് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കിയത്.
കരിമ്പ് കൃഷി ഉൾപ്പെടെയുള്ള കൃഷിരീതികളിൽ സജീവമായി മുന്നോട്ട് പോകാൻ യു എൻ ഡി പി പദ്ധതി സഹായകമായെന്ന് മറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ പറഞ്ഞു. ഇതോടൊപ്പം ഹരിതകർമ സേനയുടെ സഹകരണത്തോടെ പഞ്ചായത്തിലെ മാലിന്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിച്ചു.
വാണിജ്യ പ്രാധാന്യമുള്ള ഉൾനാടൻ മാത്സ്യ സമ്പത്ത് വർധിപ്പിക്കുന്നതിനായി പദ്ധതി വഴി നടപ്പാക്കിയ ഇടപെടൽ ഫലം കണ്ടുവെന്ന് കെ. യു. എഫ്. ഒ. എസ് പ്രതിനിധി ഡോ. അൻവർ അലി പറഞ്ഞു. ഇടമലയാർ അണക്കെട്ടിൽ അര ലക്ഷത്തോളം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ കഴിഞ്ഞതും കൂടുതൽ വിളവിനായി ഈ മേഖലയിൽ സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്താനായതും നേട്ടമാണ്.
ഗ്രാമങ്ങളിലും ഊരുകളിലും സുലഭമായി ലഭിക്കുന്ന വിഭവങ്ങൾ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കി മാറ്റി വരുമാന സുരക്ഷ നേടാൻ തദ്ദേശീയരെ പ്രാപ്തമാക്കുന്നതിനെക്കുറിച്ച് ധാര ലൈവ്‌ലിഹുഡ് പ്രതിനിധി ഡോ. മഞ്ജു വാസുദേവൻ വിശദീകരിച്ചു.
പ്രകൃതി സൗഹൃദ സംരംഭങ്ങൾ ഉയർത്തിക്കൊണ്ട് വരുന്നതിന് സ്റ്റാർട്ടപ്പ് മിഷൻ ആവശ്യമായ പിന്തുണ നൽകുന്നുവെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ ബിസിനസ് ഡെവലപ്പ്‌മെന്റ് ആൻഡ് സ്റ്റാർട്ടപ്പ് ലൈഫ്‌സൈക്കിൾ ഹെഡ് അശോക് കുര്യൻ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കാൻ ഇടയുള്ള പ്രദേശങ്ങളെ തിരഞ്ഞെടുത്തു പദ്ധതി നടപ്പാക്കാൻ തയ്യാറായ യു എൻ ഡി പി ഇടപെടലിനെ പ്ലാനിങ് ബോർഡ് അംഗം ഡോ. ജിജു പി അലക്‌സ് പ്രശംസിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ കൂടി സഹകരണം ഉള്ളതുകൊണ്ടാണ് പദ്ധതി നല്ല രീതിയിൽ നടപ്പാക്കാൻ സാധിക്കുന്നതെന്ന് യു എൻ ഡി പി പ്രൊജക്റ്റ് ഓഫിസർ ടോണി ജോസ് വ്യക്തമാക്കി.
previous post