24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എന്നെ ചൊറിയരുത്, ഞാന്‍ മാന്തും, അത്‌ ചെയ്യിപ്പിക്കരുത്; ഗണേഷ് കുമാറിനെതിരേ ഷമ്മി തിലകന്‍.*
Kerala

എന്നെ ചൊറിയരുത്, ഞാന്‍ മാന്തും, അത്‌ ചെയ്യിപ്പിക്കരുത്; ഗണേഷ് കുമാറിനെതിരേ ഷമ്മി തിലകന്‍.*


ഗണേഷ് കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി ഷമ്മി തിലകന്‍. സംഘടനയ്‌ക്കെതിരേ ഗണേഷ് കുമാര്‍ നടത്തിയ വിമര്‍ശനത്തിന്റെ പകുതി പോലും താന്‍ ചെയ്തിട്ടില്ലെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. താരസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഷമ്മി തിലകനോട് യോജിക്കുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇത് തിലകന്റെ വിഷയമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. തന്റെ അച്ഛന്‍ തിലകനോടുള്ള ദേഷ്യത്തിന്റെ പേരില്‍ തന്നെയും വേട്ടയാടിയ വ്യക്തിയാണ് ഗണേഷ് കുമാറെന്ന് ഷമ്മി തിലകന്‍ പറഞ്ഞു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ വീട്ടിന് 10 മീറ്റര്‍ അകലെയായി ഒരു കെട്ടിടമുണ്ടായിരുന്നു. പൂര്‍ണമായും നിയമവിരുദ്ധമായ കെട്ടിടമായിരുന്നു അത്. അതിനെതിരേ ഞാന്‍ പരാതി കൊടുത്തു. അവര്‍ ഗുണ്ട മാഫിയയയാണ് പ്രവര്‍ത്തിച്ചത്. എന്റെ അച്ഛനെതിരേ പോലും അവര്‍ പരാതി നല്‍കി. അതിനെതിരേ ഗണേഷ് കുമാറിന്റെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്‍ എനിക്കെതിരേ കേസെടുത്തു. ഞാന്‍ നിയമപോരാട്ടം നടത്തി പുനരന്വേഷണം നടത്തിയാണ് നീതി നേടിയത്. എന്നിട്ടാണോ ഗണേഷ് കുമാര്‍ വലിയ വര്‍ത്തമാനം പറയുന്നത്. അച്ഛന്‍ എഴുകോണത്ത് പ്രസംഗിക്കാന്‍ പോയപ്പോള്‍ ഗുണ്ടകളെ വിട്ട് തല്ലിക്കാന്‍ ശ്രമിച്ചയാളാണ് ഗണേഷ് കുമാര്‍. അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞയാള്‍ ഗണേഷ് കുമാറാണ്. അപ്പപ്പോള്‍ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങള്‍ എന്ന് പറഞ്ഞതും ഗണേഷ് കുമാറാണ്.അനിതീ എവിടെയാണോ അതിനെതിരേയായിരുന്നു യുദ്ധം. സംഘടനക്കുള്ളില്‍ തന്നെയാണ് പ്രതികരിച്ചത്. അപ്പപ്പോള്‍ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങള്‍ എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്‌. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പോയിട്ടില്ല. എന്റെ അച്ഛന് വേണ്ടിയും, പൊതുവേ നടക്കുന്ന അനിതീയ്ക്കുമെതിരേയാണ് ശബ്ദമുയര്‍ത്തിയത്. സംഘടനയിലെ ചില പുഴുക്കുത്തുകള്‍ക്കെതിരേ ഞാന്‍ രംഗത്ത് വന്നിട്ടുണ്ട്. എല്ലാത്തിനും ഞാന്‍ കത്തയിച്ചിട്ടുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ എന്റെ പക്കലുണ്ട്. എന്റെ അച്ഛനോട് കാണിച്ച അനീതിക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പ് പെരുമാറ്റച്ചട്ടം ലംഘിച്ച് അംഗങ്ങളെ സ്വാധീനിക്കാന്‍ കൈനീട്ടം നല്‍കിയതിനെതിരേ പരാതി നല്‍കിയിട്ടുണ്ട്. തെറ്റല്ലേ അത്? അങ്ങനെയാണ് കാലാകാലങ്ങളായി ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുന്നവര്‍ ചെയ്യുന്നത്.ഞാന്‍ നല്‍കിയ വിശദീകരണത്തില്‍ എന്താണ് തൃപ്തികരമല്ലാത്തത് എന്നവര്‍ പറഞ്ഞിട്ടില്ല. സ്ത്രീപീഡനക്കേസില്‍ കുറ്റാരോപിതനായിരിക്കുന്ന ഒരു വ്യക്തിയെ പ്രിഡൈഡിങ് ഓഫീസറാക്കി വച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ മുന്‍പില്‍ ഞാന്‍ വിശദീകരണം നല്‍കണമെന്നാണ് പറയുന്നത്. നേരില്‍ പോകാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാമെന്ന് പറഞ്ഞു. അത് പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. എന്റെ ജോലി മുടക്കി, ഇദ്ദേഹത്തിന്റെ മുന്‍പില്‍ ഞാന്‍ നേരിട്ട് ഹാജരാകണമെന്നാണ് പറഞ്ഞത്. എന്ത് അടിസ്ഥാനത്തിലാണ് ഞാന്‍ അതിന് വഴങ്ങേണ്ടത്?

2018-ലാണ് ഈ വിഷയം തുടങ്ങുന്നത്‌. ഇടവേള ബാബുവിന് ഞാന്‍ അയച്ച സന്ദേശത്തില്‍ സംവിധായകന്‍ വിനയന്റെ ഒരു കേസിനെക്കുറിച്ച് പറയുന്നുണ്ട്. അമ്മയുമായി വിനയന് കേസുണ്ടായും അദ്ദേഹം ജയിച്ചതുമെല്ലാം എല്ലാവര്‍ക്കും അറിയാം. വിനയന്റെ സിനിമയില്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍, മുകേഷും ഇന്നസെന്റും എന്നോട് അതില്‍ അഭിനയിക്കേണ്ട, അഡ്വാന്‍സ് തിരിച്ചുകൊടുത്തേക്ക് എന്നാണ്‌ പറഞ്ഞത്. അങ്ങിനെയാണ് ഞാന്‍ ഈ സിനിമയില്‍നിന്ന് പിന്‍മാറിയത്. വഴക്ക് വേണ്ടെന്ന് കരുതിയാണ് ഒഴിഞ്ഞത്.ഈ സംഘടനയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാന്‍ പാടില്ല. എന്തുകൊണ്ടാണ് ഗണേഷ് കുമാര്‍ ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്? അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാര്‍ പത്തനാപുരത്ത് തിരഞ്ഞെടുപ്പിന് മുന്‍പായി രണ്ട് സ്ത്രീകള്‍ക്ക്‌ വീടുകള്‍ പണിത് നല്‍കി. അതെല്ലാമാണ് ചോദിച്ചത്. അവര്‍ക്ക് ഇതെല്ലാം സഹിക്കാന്‍ പറ്റുമോ? ഗണേഷ് കുമാര്‍ തന്നെയാണ് അമ്മയുടെ കെട്ടിടം ക്ലബ് പോലെയാണെന്ന ആശങ്ക പ്രകടിപ്പിച്ചത്. ഇവിടുത്തെ പല അംഗങ്ങളുടെയും ബാങ്ക് ബാലന്‍സ് പരിശോധിക്കണം. ആദായനികുതി വകുപ്പുമായി അമ്മയ്ക്ക് ആറു കോടിയുടെ കേസുണ്ട്. അത് എന്തുകൊണ്ടാണ്? ഇതൊന്നും എന്താണ് ഗണേഷ് കുമാര്‍ ചോദിക്കാത്തത്? ഞാന്‍ ചെയ്യാത്ത കാര്യം പറഞ്ഞാല്‍ ഇനി മറുപടി ഇതായിരിക്കില്ല. ഞാന്‍ പലതും തുറന്ന് പറയും. എന്നെ ചൊറിയരുത്, മാന്തും. വെറുതെ അത് ചെയ്യിപ്പിക്കരുത്- ഷമ്മി തിലകന്‍ പറഞ്ഞു.

Related posts

വാക‍്സിൻ വിതരണം 4 കോടിയിലേക്ക്‌ ; 95.13 ശതമാനം പേർ.

Aswathi Kottiyoor

പഴുതടച്ച സുരക്ഷാ സന്നാഹമൊരുക്കി പൊലീസ്

Aswathi Kottiyoor

വിവാഹത്തിന് 21ാമത്തെയാൾ എത്തിയാൽ മുഴുവൻപേർക്കുമെതിരെ കേസ്; 2 വർഷം തടവ്………..

Aswathi Kottiyoor
WordPress Image Lightbox