സംസ്ഥാനത്ത് കോഴി മുട്ട വില കുതിക്കുന്നു. കൊച്ചിയിൽ ഒരു മുട്ടയുടെ റീട്ടെയിൽ വില ഏഴുരൂപ കടന്നു. മൊത്തവില 5.70 രൂപയാണ്. 100 രൂപക്ക് 30 മുട്ട കിട്ടിയിരുന്ന സ്ഥാനത്ത് 15 എണ്ണം പോലും കിട്ടാത്ത സാഹചര്യമാണ്. മേയിൽ മൊത്തവില മുട്ട ഒന്നിന് 3.60 രൂപവരെ എത്തിയിരുന്നു. ഒരു മാസം പിന്നിടുമ്പോൾ വില കുത്തനെ ഉയർന്ന് 5.70 രൂപയിൽ എത്തിയിരിക്കുകയാണ്.
ഉൽപാദനം കുറഞ്ഞതിനൊപ്പം ഉപഭോഗം കൂടിയതാണ് കാരണമെന്നാണ് മുട്ട വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. കോവിഡിനെ തുടർന്ന് രണ്ടു വർഷത്തിനുശേഷം സ്കൂൾ തുറന്നതോടെ മുട്ടക്ക് ഡിമാൻഡ് വർധിച്ചു. സ്കൂളുകളിലെ ഭക്ഷണത്തിൽ മുട്ട നിർബന്ധമാക്കിയത് മറ്റൊരു കാരണമായി. സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽവന്നതോടെ വീടുകളിലും മുട്ട ഉപയോഗം കൂടി. കേരളത്തിലേക്ക് മുട്ട പ്രധാനമായും എത്തുന്ന തമിഴ്നാട് നാമക്കലിൽനിന്നാണ്. അവിടെ എത്തുന്ന മുട്ടയുടെ എണ്ണത്തിലും വൻ കുറവുണ്ടായിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി കയറ്റി അയക്കുന്നതാണ് ദൗർലഭ്യത്തിന് ഒരു കാരണം.
ജൂൺ ഒന്നിന് 4.80 രൂപയുണ്ടായിരുന്ന മുട്ടവില പത്താം തീയതി ആയപ്പോൾ 5.10 ആയി ഉയർന്നു. 24ന് 5.20ലേക്ക് ഉയർന്നു. ഓരോ ദിവസം പിന്നിടുമ്പോഴും വില വർധിക്കുകയാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വൻനഷ്ടം നേരിട്ടതോടെ കർഷകർ മുട്ട ഉൽപാദനം നിയന്ത്രിച്ചിരുന്നു.