22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബഫർസോൺ: സംസ്ഥാന സർക്കാർതന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ വനംമന്ത്രി
Kerala

ബഫർസോൺ: സംസ്ഥാന സർക്കാർതന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്​ വനംമന്ത്രി

ബഫര്‍സോണ്‍ വിഷയത്തില്‍ അവധി കഴിഞ്ഞാലുടൻ സുപ്രീംകോടതിയെ സംസ്ഥാന സര്‍ക്കാര്‍തന്നെ സമീപിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. അവസാനത്തെ വസ്തുത ബോധ്യപ്പെടുത്താന്‍ കോടതി നിർദേശിച്ച സാഹചര്യത്തില്‍ ഉപഗ്രഹ സര്‍വേ നടത്തി മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജനവാസമേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കുകയെന്നത് തന്നെയാണ് സര്‍ക്കാര്‍ നയമെന്നും നിയമസഭയിൽ സി.കെ. ശശീന്ദ്രന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി.

പൂജ്യം മുതൽ ഒരുകിലോമീറ്റര്‍വരെ ബഫര്‍സോണ്‍ എന്ന തീരുമാനം റദ്ദാക്കിയ സുപ്രീംകോടതി വിധി കര്‍ഷക സമൂഹത്തില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്​. 2000ന്‍റെ തുടക്കത്തില്‍ ഗോദവര്‍മ തിരുമുല്‍പ്പാട് നല്‍കിയ കേസിലാണ് കോടതി വിധി വന്നത്. ഈ തീരുമാനം വലിയതോതില്‍ ബാധിക്കുന്ന കേരളമോ മറ്റ് സംസ്ഥാനങ്ങളോ അതില്‍ കക്ഷികളായിരുന്നില്ല. സംസ്ഥാനങ്ങളുടെ വിശദീകരണം കേട്ടിട്ടുമില്ല. ഈ സാഹചര്യത്തില്‍ കോടതിയെ സമീപിക്കാൻ കൂടുതല്‍ സാധ്യതയുണ്ടെന്നാണ് നിയമോപദേശം.

വിധിക്കുശേഷവും അതിനുമുമ്പും സമയബന്ധിതമായിതന്നെ കാര്യങ്ങള്‍ നടത്തുന്നുണ്ട്. ജനസാന്ദ്രതയുള്ള മേഖലകളെയും സര്‍ക്കാര്‍-അർധസര്‍ക്കാര്‍ പ്രദേശങ്ങളെയും ഇതില്‍നിന്ന് ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നയം. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാറിന് പുതുക്കിയ ഭൂപടം നിർദേശം സഹിതം നല്‍കിയിരുന്നു. അതില്‍ തീരുമാനം എടുക്കുന്നതിന്‍റെ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് സുപ്രീംകോടതി വിധി വന്നത്. കേരളത്തില്‍ ഭിന്നാഭിപ്രായമുണ്ടെന്ന് വരുത്താനുള്ള ശ്രമം നാടിന് നല്ലതല്ല. കര്‍ഷക ജനതയുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകേണ്ടതുണ്ടോ അതുവരെ പോകുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

എംജിഎം സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor

വിമാനയാത്രാനിരക്ക്‌ വർധന: ഹർജി 30ന്‌ പരിഗണിക്കും

Aswathi Kottiyoor

ഇന്ത്യ തിളങ്ങുന്നുവെന്നത്‌ 
പൊള്ളത്തരം , 30 ശതമാനം ജനങ്ങളും അതിദാരിദ്ര്യത്തിലാണ്‌ കഴിയുന്നത് : കെ കെ ശൈലജ

Aswathi Kottiyoor
WordPress Image Lightbox