മൃഗങ്ങളെ സംരക്ഷിച്ച് മനുഷ്യരെ ഇല്ലാതാക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ചുള്ള സുപ്രീം കോടതി ഉത്തരവിനെതിരേ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകൾക്കു മുൻപ് നാട്ടിലാകെ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോൾ അന്നത്തെ ഭരണകർത്താക്കളുടെ നിർദേശ പ്രകാരമാണ് കർഷകർ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ചത്. അസുഖങ്ങൾ ബാധിച്ചും പട്ടിണി കിടന്നും അക്കാലത്ത് അനേകം കർഷകർ ജീവാർപ്പണം ചെയ്തു. എന്നാൽ കർഷക സമൂഹത്തിന്റെ ആവശ്യങ്ങളോട് മുഖം തരിച്ച് അവരെ പരിസ്ഥിതി ധ്വംസകരായി ചിത്രീകരിക്കുകയും ഇറക്കി വിടാൻ നോക്കുകയുമാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്.
പരിസ്ഥിതിയും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം. സുപ്രീം കോടതിയുടെ ഉത്തരവ് ശരിയായ പഠനം നടത്താതെയാണ്. ഇന്ത്യയിലുടനീളം ഒരുപോലെ നടത്താവുന്ന ഒരു നിയമം അല്ല ഇത്. പരിമിതമായ ഭൂവിസ്തൃതിയും ജനസാന്ദ്രതയും ഉള്ള നാടാണ് കേരളം. കേരളത്തിലെ മൊത്തം വിസ്തൃതിയിൽ 30 ശതമാനം വനമാണ്. ഇത് ദേശീയ ശരാശരിയേക്കാൾ 10 ശതമാനം കൂടുതലാണ്. ബഫർസോണ്‍ പ്രഖ്യാപനത്തിൽ നിന്നും കേരളം പൂർണമായി ഒഴിവാക്കപ്പെടണം.
പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെതിരേ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് ജില്ലകൾ തോറും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുമെന്നും മാർ തോമസ് തറയിൽ പറഞ്ഞു. ലൂർദ് ഫൊറോന വികാരി ഫാ. മോർലി കൈതപ്പറമ്പിൽ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു.