21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ടി. ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
Kerala

ടി. ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുൻ ധനകാര്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആശയത്തിലും സംഘടനാ തലത്തിലും ഒരുപോലെ സജ്ജമാക്കി നിർത്തുന്നതിൽ അവിസ്മരണീയമായ സംഭാവനകൾ നൽകിയ വിപ്ലവകാരിയാണ് ടി.ശിവദാസ മേനോൻ. സംഘടനാ രംഗത്തും ഭരണ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശിവദാസ മേനോൻ മികച്ച വാഗ്മിയും മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന കമ്മ്യൂണിസ്റ്റുമായിരുന്നു.

അധ്യാപക സംഘടനാ രംഗത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ശിവദാസമേനോന്റെ സംഘടനാപാടവം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമെന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷത്തിനും മുതൽക്കൂട്ടായിരുന്നു. സ്വകാര്യ സ്‌കൂൾ അധ്യാപകരുടെ സംഘടനയായിരുന്ന കെപിടിയുവിന്റെ ഭാരവാഹിയായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം പിന്നീട് അധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ ഏറ്റവും ഉന്നത നേതാവായി മാറി. യാതനാപൂർവ്വമായ നിരവധി സമരങ്ങളിലൂടെ അധ്യാപക പ്രസ്ഥാനത്തെ സുശക്തമായ ഒന്നായി കെട്ടിപ്പടുക്കുന്നതിൽ ശിവദാസ മേനോൻ വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്.

പ്രാസംഗികൻ, പാർലമെന്റേറിയൻ, ചരിത്ര ബോധമുള്ള രാഷ്ട്രീയ നേതാവ് എന്നിങ്ങനെ എല്ലാ മേഖലകളിലും ശിവദാസ മേനോൻ വ്യക്തിമുദ്ര പതിപ്പിച്ചു. സിപിഎമ്മിനെതിരായ ഏതുവിധത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കുന്നതിന് അദ്ദേഹം കാട്ടിയ ജാഗ്രതാപൂർണ്ണമായ നിലപാടുകൾ പുതിയ കാലഘട്ടത്തിൽ വളരെ പ്രസക്തമാണ്. അടിയന്തരാവസ്ഥക്കാലത്തും പാർട്ടി പ്രതിസന്ധി നേരിട്ട ഇതര ചരിത്ര സന്ദർഭങ്ങളിലും അദ്ദേഹം ഒളിവിലും തെളിവിലും ജയിലിലുമൊക്കെ കഴിഞ്ഞ് പാർട്ടിയെ ശക്തിപ്പെടുത്തി. ജനകീയ പോരാട്ടങ്ങളുടെ മുൻപന്തിയിൽ എന്നും ത്യാഗപൂർവ്വമായി നിലകൊണ്ടു.

അതിതീവ്ര ഇടതുപക്ഷ വ്യതിയാനങ്ങൾക്കും തീവ്ര വലതുപക്ഷ വ്യതിയാനങ്ങൾക്കുമെതിരെ മാർക്സിസം-ലെനിനിസത്തിന്റെ കൃത്യമായ സൈദ്ധാന്തിക നിലപാട് മുറുകെ പിടിച്ചുകൊണ്ട് അദ്ദേഹം പാർട്ടി കെട്ടിപ്പടുക്കുന്നതിൽ വ്യാപൃതനായി. പ്രഗൽഭനായ നിയമസഭാ സാമാജികൻ, ഉയർന്ന കാര്യക്ഷമതയുള്ള മന്ത്രി എന്നീ നിലകളിലും ശിവദാസ മേനോൻ വ്യക്തിമുദ്ര പതിപ്പിച്ചു.

അവസാനശ്വാസം വരെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച അദ്ദേഹവുമായുള്ള വ്യക്തി ബന്ധം സ്മരണീയമാണ്. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മേഖലയ്ക്ക് തീരാനഷ്ടമാണ്. ബന്ധുമിത്രാദികളുടെയും പാർട്ടിസഖാക്കളുടെയും നാടിന്റെയാകെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

Related posts

അപൂർവ രോഗ ബാധിതർക്ക്‌ എസ്എടിയിൽ പ്രത്യേക കേന്ദ്രം: രോഗികളുടെ രജിസ്‌ട്രേഷൻ ഈ മാസം മുതൽ

Aswathi Kottiyoor

15-18 പ്രായക്കാർക്ക് കോവിഡ് വാ​ക്സി​നേ​ഷ​ൻ നാളെ മു​ത​ൽ

Aswathi Kottiyoor

തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

Aswathi Kottiyoor
WordPress Image Lightbox