മൈക്ക് ഉപയോഗിച്ചുള്ള അനൗണ്‍സ്മെന്റിന് അനുമതി ലഭിക്കണമെങ്കിൽ ഇനി ഇരട്ടി തുക നൽകണം. 15 ദിവസത്തേക്ക് 330 രൂപയായിരുന്നത് 660 രൂപയാക്കി ഉയർത്തി.
നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ സേവന-ഫീസ് നിരക്കുകളും 10 ശതമാനം വർധിപ്പിച്ചു. ഡിജിപി അനിൽകാന്തിന്റെ ശിപാർശയ്ക്കാണ് സർക്കാർ അംഗീകാരം നൽകിയത്. ഇതോടെ മൈക്ക് അനൗണ്‍സ്മെന്റ് നടത്തണമെങ്കിൽ രാഷ്ട്രീയ പാർട്ടികളും ഇരട്ടി തുക നൽകണം. അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തിനകത്ത് മുഴുവനായി അനൗണ്‍സ്മെന്റ് നടത്താൻ നിലവിൽ നൽകേണ്ടത് 5,515 രൂപയായിരുന്നത്, ഇനി മുതൽ 11,030 രൂപയായി ഉയരും. ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്ന വാഹനത്തിൽ മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നതിനുള്ള തുക 555ൽ നിന്നു 1,110 രൂപയാക്കിയിട്ടുണ്ട്. കൂടാതെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനുള്ള ഫീസ് 555 ൽ നിന്ന് 619 രൂപയുമാക്കി.
സ്വകാര്യ വിനോദ പരിപാടികൾ, സിനിമ ഷൂട്ടിംഗ് ഉൾപ്പടെയുള്ളവയ്ക്കും അധിക തുക അടയ്ക്കണം. സ്റ്റേഷൻ ഓഫീസർമാരുടെ സേവനം ആവശ്യമാണെങ്കിൽ നാലുമണിക്കൂർ അടിസ്ഥാനത്തിൽ പണം അടയ്ക്കണം. പകൽ 3,795 രൂപയും രാത്രി 4,750 രൂപയുമാണ് അടയ്ക്കേണ്ടത്. പോലീസ് സ്റ്റേഷനിൽ ഷൂട്ടിംഗ് നടത്തണമെങ്കിൽ 11,025 രൂപയെന്നത്, പ്രതിദിനം 33,100 രൂപയാക്കിയിട്ടുണ്ട്. പോലീസ് നായയുടെ സേവനത്തിനായി പ്രതിദിനം 6,950 രൂപയും, വയർലെസ് സെറ്റ് ഉപയോഗത്തിനായി 2,315 രൂപയും നൽകണം. ഫോറൻസിക് സയൻസ് ലബോറട്ടറി, ഫിംഗർ പ്രിന്റ് ബ്യൂറോ എന്നിവിടങ്ങളിലെ ഫീസുകളും വർധിപ്പിച്ചു.