23 C
Iritty, IN
July 15, 2024
  • Home
  • Kerala
  • ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍ ജനവാസ പ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ടായിരിക്കണം: സിപിഐ എം
Kerala

ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍ ജനവാസ പ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ടായിരിക്കണം: സിപിഐ എം

ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍ ജനവാസ പ്രദേശങ്ങളെ ഒഴിവാക്കിക്കൊണ്ടായിരിക്കണമെന്ന് സിപിഐ എം. സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് ബഫര്‍സോണ്‍ നടപ്പിലാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ അസാധ്യമായി തീരുമെന്നും സിപിഐ എം സെക്രട്ടേറിയറ്റ് വ്യക്തമാക്കി .

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജയറാം രമേശ് വനം പരിസ്ഥിതി മന്ത്രിയായിരുന്ന ഘട്ടത്തിലാണ് വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയ്ക്ക് ചുറ്റും 12 കിലോ മീറ്റര്‍ വരെ ബഫര്‍സോണ്‍ ആക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. ഈ നിര്‍ദ്ദേശത്തെ പൊതുവില്‍ പിന്തുണക്കുന്ന നിലപാടാണ് യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. തുടര്‍ച്ചയായ പ്രളയവും, മറ്റ് പ്രകൃതി ദുരന്തത്തിന്റെയും പശ്ചാത്തലത്തില്‍ 2019 – ല്‍ 12 കിലോമീറ്ററിന് പകരം ഒരു കിലോമീറ്റര്‍ വരെ ഇവ നിശ്ചയിക്കാമെന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ ഇത് പ്രായോഗികമാക്കപ്പെടുമ്പോള്‍ ചില മേഖലയില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജനവാസ കേന്ദ്രങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു.

2020- ല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന് വീണ്ടും ഒരു ഭേദഗതി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുകയും ചെയ്തു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജനവാസ പ്രദേശങ്ങളെ ഒഴിവാക്കി ബഫര്‍സോണ്‍ നിശ്ചയിക്കണമെന്നതായിരുന്നു. പൂജ്യം മുതല്‍ ഒരു കീലോ മീറ്റര്‍ വരെ ഇത് നിശ്ചയിക്കുമ്പോള്‍ ജനസാന്ദ്രത കൂടിയ മേഖലകള്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതു സ്ഥാപനങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ആ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ സമിതി പരിശോധിക്കുന്ന ഘട്ടത്തിലാണ് ഒരു കിലോ മീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന സുപ്രീം കോടതി വിധി ഉണ്ടായത്.

നിയമ നിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ അടിസ്ഥാനത്തില്‍ കത്തയക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രിയെ കണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ആക്ഷേപങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്ന് വനം വകുപ്പ് മന്ത്രി തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതും നിഷേധിക്കപ്പെടുകയാണ് ഉണ്ടായത്.

ബഫര്‍സോണായി 12 കിലോ മീറ്റര്‍ വരെ വേണമെന്ന നിലപാട് സ്വീകരിച്ചവരാണ് പ്രളയ കാലത്തെ പ്രത്യേക സാഹചര്യത്തില്‍ ഒരു കിലോ മീറ്റര്‍ വരെ ബഫര്‍ സോണാക്കണമെന്ന് സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ഒരു കിലോമീറ്റര്‍ പരിധിയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലിരിക്കുമ്പോഴാണ് ഇത്തരമൊരു വിധി ഉണ്ടായത്.

ഈ വിധിയില്‍ അപ്പീല്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. വസ്തുതകള്‍ ഇതാണെന്നിരിക്കെ സംസ്ഥാന ഗവമെന്റിനെതിരെ രംഗത്ത് വന്നിരിക്കുന്നവരുടെ ലക്ഷ്യം രാഷ്ട്രീയ താല്‍പര്യമല്ലാതെ മറ്റൊന്നല്ല. പ്രകൃതിക്കൊപ്പം ജനങ്ങളുടെ ആവാസ വ്യവസ്ഥയും സംരക്ഷിക്കുക എന്നതാണ് പാര്‍ടി സ്വീകരിക്കുന്ന നയമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Related posts

എടവണ്ണയിൽ 28കാരൻ ദുരൂഹ സാഹചര്യത്തിൽ പറമ്പിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം.

Aswathi Kottiyoor

വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല:മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

കേരളത്തിന് 46.88 ലക്ഷം ലീറ്റർ മണ്ണെണ്ണ കൂടി കേന്ദ്രം അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox