റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണം നടക്കുമ്പോള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കു കരാറുകാരന് മതിയായ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് എന്‍ജിനിയര്‍മാരും സൂപ്പര്‍വൈസര്‍മാരും ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സുരക്ഷാ ക്രമീകരണങ്ങളില്ലാത്തതിനെ തുടര്‍ന്നുള്ള അപകടങ്ങളില്‍ യാത്രക്കാര്‍ മരിച്ചാല്‍ ഇവര്‍ക്കായിരിക്കും ഉത്തരവാദിത്വമെന്നും ഇതൊരു മുന്നറിയിപ്പാണെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളില്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്. തൃപ്പൂണിത്തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന അന്ധകാരത്തോടു പാലത്തിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് മരിച്ചതിനെത്തുടര്‍ന്ന് റോഡുകളും പാലങ്ങളും നിര്‍മിക്കുമ്പോള്‍ വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ വ്യക്തമാക്കി സര്‍ക്കാര്‍ പ്രോട്ടോകോള്‍ ഉണ്ടാക്കണമെന്ന് ഹൈക്കോടതി ജൂണ്‍ 14നു നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ (റോഡ്സ്) സുരക്ഷാ മാനദണ്ഡങ്ങള്‍ വിശദീകരിച്ചു സത്യവാങ്മൂലം നല്കി.
റോഡുകള്‍ പൂര്‍ണമായും ഇല്ലാതാകുന്നതുവരെയോ അപകടങ്ങള്‍ സംഭവിക്കുന്നതുവരെയോ കാത്തുനില്‍ക്കാതെ അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇക്കാര്യം ഉറപ്പാക്കാന്‍ അമിക്കസ് ക്യൂറിയുടെ സഹായത്തോടെ വേണ്ടിവന്നാല്‍ കോടതി നിരീക്ഷണം നടത്തുമെന്നും വ്യക്തമാക്കി.ഹര്‍ജികള്‍ ജൂലൈ ഏഴിലേക്കു മാറ്റി.