24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പകർച്ചപ്പനിക്കെതിരെ ശ്രദ്ധ വേണം; പനിയെ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി
Kerala

പകർച്ചപ്പനിക്കെതിരെ ശ്രദ്ധ വേണം; പനിയെ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചപ്പനിക്കെതിരെ ശ്രദ്ധ വേണമെന്ന് മന്ത്രി വീണാ ജോർജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനിൽക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകർച്ചപ്പനിയാകാൻ സാധ്യതയുണ്ട്. കോവിഡ് 19, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കുൻഗുനിയ, ചെള്ളുപനി, എച്ച്1 എൻ1, ചിക്കൻ പോക്സ്, സിക, കുരങ്ങുപനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമായി പനി വന്നേക്കാം. ഡെങ്കിപ്പനിയും എലിപ്പനിയും ഏറെ ശ്രദ്ധിക്കണം. അതിനാൽ പനിയുള്ളപ്പോൾ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

മഴക്കാലമായതിനാൽ സാധാരണ വൈറൽ പനിയാണ് (സീസണൽ ഇൻഫ്ളുവൻസ) കൂടുതലായും കണ്ട് വരുന്നത്. അതിനാൽ മിക്കപ്പോഴും വിദഗ്ധ പരിശോധനയോ പ്രത്യേക ചികിത്സയോ ആവശ്യമായി വരാറില്ല. സാധാരണ വൈറൽ പനി സുഖമാവാൻ 3 മുതൽ 5 ദിവസം വരെ വേണ്ടി വരാം.

പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റമോൾ പോലും ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കുന്നതാണ് ഉചിതം. പനിയുള്ളപ്പോൾ ഇൻജക്ഷനും ട്രിപ്പിനും ഡോക്ടർമാരെ നിർബന്ധിക്കാതിരിക്കുക. കാരണം പാരസെറ്റമോൾ ഗുളികകളെക്കാൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കുത്തിവയ്‌പ്പുകൾ പ്രവർത്തിക്കില്ല.

പനി ഒരു രോഗലക്ഷണമാണെങ്കലും അവഗണിക്കാൻ പാടില്ല. പനിയോടൊപ്പം തുടർച്ചയായ ഛർദ്ദി, വയറുവേദന, ഏതെങ്കിലും ശരീര ഭാഗത്തുനിന്നുള്ള രക്ത സ്രാവം, കറുത്ത മലം, പെട്ടന്നുണ്ടാവുന്ന ശ്വാസം മുട്ടൽ, ശരീരം ചുവന്നു തടിക്കൽ, മൂത്രത്തിന്റെ അളവ് കുറയുക, കഠിനമായ ക്ഷീണം, ബോധക്ഷയം, ജന്നി, കഠിനമായ തലവേദന, സ്ഥലകാലബോധമില്ലാതെ സംസാരിക്കുക, ശരീരം തണുത്തു മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കുവാൻ പ്രയാസം, രക്ത സമ്മർദ്ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ അപകട സൂചനകൾ കണ്ടാൽ ഉടനെ ഡോക്ടറുടെ സേവനം തേടണം

മാസ്‌ക് ധരിക്കുന്നത് കോവിഡിനോടൊപ്പം പലതരം രോഗങ്ങളേയും പ്രതിരോധിക്കാൻ സാധിക്കും. മഴ നനയാതിരിക്കാൻ ശ്രദ്ധിക്കണം. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മാസ്‌ക് താഴ്‌ത്തരുത്. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടക്കിടയ്ക്ക് വൃത്തിയാക്കണം. പനി മറ്റുള്ളവരിലേക്ക് പകരാതെയിരിക്കാൻ ഇത്തരം ശീലങ്ങൾ സഹായിക്കും.

പനി സാധാരണയിൽ കൂടുതലായാൽ കുട്ടികളിൽ ജന്നി വരാനുള്ള സാധ്യതയുണ്ട്. അതിനാൽ പനിയുള്ളപ്പോൾ ഡോക്ടറുടെ നിർദേശാനുസരണം കുട്ടികൾക്ക് പനി കുറയ്ക്കാനുള്ള മരുന്നുകൾ ഉടൻ തന്നെ നൽകണം. ചൂട് കുറയ്ക്കുന്നതിനായി തണുത്ത വെള്ളത്തിൽ തുണി നനച്ച് കുട്ടികളുടെ ശരീരം മുഴുവൻ തുടരെ തുടരെ തുടയ്ക്കുകയും വേണം. പനിയുള്ളപ്പോൾ ഭയത്തേക്കാളുപരി ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി അറിയിച്ചു.

Related posts

പാചകവാതക വില വീണ്ടും കൂട്ടി.

Aswathi Kottiyoor

എഐ ക്യാമറ: എംപി, എംഎൽഎമാരുടെ ഉൾപ്പടെ 328 സര്‍ക്കാര്‍ വാഹനങ്ങൾക്ക് പിഴ ചുമത്തി; അടച്ചില്ലെങ്കിൽ വാഹന ഇൻഷുറൻസ്‌ പുതുക്കില്ല

Aswathi Kottiyoor

അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടിക്കു തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox