26.8 C
Iritty, IN
July 5, 2024
  • Home
  • Delhi
  • പ്രക്ഷോഭം: റെയില്‍വേയ്ക്ക് 200 കോടിയുടെ നഷ്ടം; ബിഹാറില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു
Delhi

പ്രക്ഷോഭം: റെയില്‍വേയ്ക്ക് 200 കോടിയുടെ നഷ്ടം; ബിഹാറില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു


പട്‌ന (ബിഹാര്‍): കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ തുടര്‍ച്ചയായ നാലാം ദിവസവും പ്രതിഷേധം പുകയുന്നു. ശനിയാഴ്ച ബന്ദ് പുരോഗമിക്കുന്നതിനിടെയും ബിഹാറില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ജഹാനാബാദില്‍ പോലീസ് എയ്ഡ്‌പോസ്റ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. ശനിയാഴ്ച രാത്രി എട്ട് മണി മുതല്‍ സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

റെയില്‍വേയ്ക്ക് 200 കോടിയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് അധികൃതര്‍ പറയുന്നത്. അഞ്ച് എഞ്ചിനുകളും 50 കോച്ചുകളും പ്രതിഷേധക്കാര്‍ തീയിട്ടു നശിപ്പിച്ചതായി റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ നടന്ന ആക്രമത്തില്‍ ഗുവാഹത്തിയില്‍ നിന്ന് ജമ്മുവിലേക്ക് പോകുന്ന ലോഹിത് എക്‌സ്പ്രസ് ട്രെയിനിന്റെ ആറ് കോച്ചുകള്‍ നശിപ്പിച്ചു. എന്നാല്‍ ട്രെയിനിലുണ്ടായിരുന്ന 1169 യാത്രക്കാരും സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പാസഞ്ചര്‍ തീവണ്ടികള്‍ക്ക് നേരെയും ആക്രമമുണ്ടായി. സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണെന്നും അക്രമങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാരെ തിരിച്ചറിഞ്ഞുവരികയാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിങ് പറഞ്ഞു.പ്രധാന മേഖലകളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഇവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. 170 പേര്‍ക്കെതിരേ ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 46 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ വാട്‌സാപ്പ് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ അക്രമങ്ങളുടെ പിന്നില്‍ സൈനിക പരിശീലനം നല്‍കുന്ന ചില സെന്ററുകളുടെ പങ്കിനെ കുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖര്‍ സിങ് പറഞ്ഞു.

ബന്ദിന്റെ പശ്ചാത്തലത്തില്‍ ജനജീവിതം തടസ്സപ്പെട്ട സ്ഥിതിയാണ് ബിഹാറില്‍. കടകളും കച്ചവട സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. ആളുകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് ബന്ദ് ദിവസം തുറന്ന് പ്രവര്‍ത്തിക്കുന്നത്. അക്രമം ഭയന്ന് പലയിടങ്ങളിലും ഇത്തരം കടകള്‍ പോലും തുറന്ന് പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ ബന്ദിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുമുണ്ട്.

സംസ്ഥാനത്ത് 12 ജില്ലകളില്‍ ഞായറാഴ്ച വരെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. അതേസമയം പ്രതിഷേധങ്ങള്‍ തുടരുന്നതിനിടയിലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ചില ആനുകൂല്യങ്ങള്‍ നല്‍കുകയും പ്രായപരിധി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ നടത്താനും തയ്യാറാണെങ്കിലും പദ്ധതി പൂര്‍ണമായി ഒഴിവാക്കാന്‍ തയ്യാറല്ലെന്നാണ് കേന്ദ്ര നയം.

Related posts

മഹാത്മാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി വി. കല്യാണം അന്തരിച്ചു…………

വിഷു പൂജകള്‍ക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും

Aswathi Kottiyoor

കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും…………..

Aswathi Kottiyoor
WordPress Image Lightbox