കോഴിക്കോട് ∙ മലപ്പുറം–കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിർമാണത്തിനിടെ ബീമുകൾ തകർന്നതു യന്ത്രത്തകരാർ മൂലമെന്നു പൊതുമരാമത്ത് വിജിലൻസിന്റെ അന്തിമ റിപ്പോർട്ട്. മേൽനോട്ടച്ചുമതലയുള്ള ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിലുണ്ട്. കരാർ കമ്പനിയെ താക്കീത് ചെയ്യാനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിക്കു നിർദേശം നൽകി.ബീം തകർന്നതു മൂലമുള്ള സാമ്പത്തികനഷ്ടം വഹിക്കേണ്ടതു നിർമാണക്കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്. ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് ബീമുകൾ ഉയർത്തുമ്പോൾ ഒരു ജാക്കി തകരാറിലായതാണു ബീമുകൾ തകരാൻ കാരണമെന്ന് അന്തിമ റിപ്പോർട്ടിൽ പറയുന്നു. യന്ത്രത്തകരാറോ മാനുഷിക പിഴവോ ആകാം ബീം തകരാൻ കാരണം എന്നായിരുന്നു വിജിലൻസിന്റെ ആദ്യ റിപ്പോർട്ട്. എന്നാൽ ഇതിൽ ഏതാണു കാരണമെന്നു വ്യക്തമാക്കണമെന്നു നിർദേശിച്ചു മന്ത്രി റിപ്പോർട്ട് മടക്കി. തുടർന്നാണു യന്ത്രത്തകരാറാണു കാരണമെന്നു വ്യക്തമാക്കി വീണ്ടും റിപ്പോർട്ട് നൽകിയത്.
എൻഐടിയിലെ വിദഗ്ധർ നടത്തിയ പരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. നിർമാണസ്ഥലത്തു കരാർ കമ്പനി സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അവ ഫലവത്തായില്ല. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, അസി.എൻജിനീയർ എന്നിവർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാനാണു നിർദേശം. മേൽനോട്ടച്ചുമതലയുള്ള അസി.എക്സിക്യൂട്ടീവ് എൻജിനീയർ അപകടദിവസം അവധിയിലായിരുന്നു. എന്നിട്ടും പകരം ചുമതല നൽകാത്തതാണ് എക്സിക്യൂട്ടീവ് എൻജിനീയറുടെ വീഴ്ച. ബീം ഉയർത്തുന്ന ജോലി നടക്കുമ്പോൾ അസി. എൻജിനീയർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇരുവർക്കും പൊതുമരാമത്ത് സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകി. നോട്ടിസിനു മറുപടി ലഭിച്ച ശേഷമായിരിക്കും നടപടി.