ട്രോളിംഗ് നിരോധനം ലംഘിച്ച് അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം നടത്തുന്നത് പരിശോധിക്കാനെത്തിയ കോസ്റ്റൽ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരെയും കോസ്റ്റൽ വാർഡനെയും തങ്ങൽ വള്ളത്തിലെ മത്സ്യ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയി.വിവരമറിഞ്ഞ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എച്ച്. അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പോലീസും മറൈൻ എൻഫോഴ്സ്മെന്‍റും ബോട്ടുകളിലെത്തി വള്ളത്തെ പിന്തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയ പതിനാല് മത്സ്യത്തൊഴിലാളി സംഘത്തിലെ 10 പേരെ സ്ഥലത്ത് എത്തിയ പോലിസ് കൈയോടെ പിടികൂടി.
പോലീസ് പിന്തുടരുന്നത് കണ്ട് വള്ളത്തിൽ നിന്ന് കടലിൽ ചാടി രക്ഷപ്പെട്ട നാലുപേരിൽ രണ്ടുപേരെ കരയിൽ നിന്നും കസ്റ്റഡിയിലെടുത്തു. രണ്ടുപേരെ പിടികിട്ടാനുണ്ടെന്ന് വിഴിഞ്ഞം കോസ്റ്റൽ പോലീസ് അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയെന്ന വിവരത്തെ തുടർന്ന് വൻപോലീസ് സന്നാഹം കരയിലും നിലയുറപ്പിച്ചിരുന്നു.
പോലീസുകാരുടെ ജോലി തടസപ്പെടുത്തി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയതിനും വധശ്രമത്തിനും ഭീഷണിപ്പെടുത്തിയതിനും ട്രോളിംഗ് നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു. പിടികൂടിയ മത്സ്യത്തൊഴിലാളികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.