ഇരിട്ടി : ഖേലോ ഇന്ത്യ യൂത്ത് ഗയിംസില്‍ വിസ്മയ വിജയം നേടിയ കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിയിലെ വിജയികള്‍ക്ക് ആദരവുമായി മുഴക്കുന്ന് പഞ്ചായത്തും പൗരാവലിയും സംഘടിപ്പിച്ച വിജയപ്പൊലിമ ആദര സംഗമം നാടിന്റെ ഉത്സവമായി. വിജയികളെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയിലും അനുമോദന സംഗമത്തിലും നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
ഹരിയാനയിലെ പഞ്ചഗുളിയില്‍ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ ഒരു സ്വര്‍ണ്ണം, രണ്ട് വീതം വെള്ളിയും വെങ്കലവും അടക്കം അഞ്ച് മെഡലുകളാണ് കേരളത്തിനുവേണ്ടി പഴശ്ശിരാജ കളരി അക്കാദമിയിലെ താരങ്ങള്‍ നേടിയത്. അനശ്വര മുരളീധരന്‍ (മെയ്പയറ്റ് സ്വര്‍ണം, കെട്ടുകാരിപയറ്റ്, വാള്‍പയറ്റ്-വെള്ളി), കെ.കീര്‍ത്തന കൃഷ്ണ (കെട്ടുകാരിപയറ്റ്, വാള്‍പയറ്റ്-വെള്ളി), കെ.കെ.അയന (ചവിട്ടിപൊങ്ങല്‍-വെങ്കലം), ഇ.നയന (മെയ്പയറ്റ്-വെങ്കലം) എന്നിവരെയാണ് അനുമോദിച്ചത്. മത്സരത്തില്‍ പങ്കെടുത്ത പി.അശ്വന്ത്, സി.അഭിഷേക്, സി.കെ.ആതിര എന്നിവരെയും ആദരിച്ചു. പരിശീലകനും ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഖേലോ ഇന്ത്യ ഗെയിംസ് കളരിപ്പയറ്റ് ടെക്‌നിക്കല്‍ ഒഫീഷ്യലുമായ പരിശീലകന്‍ പി.ഇ.ശ്രീജയനേയും സഹപരിശീലകന്‍ സി.ശ്രീഷിനേയും ആദരിച്ചു.
അനുമോദന സംഗമം മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.കെ. പവിത്രന്‍ ഉപഹാര സമര്‍പ്പണം നടത്തി. എംബിബിഎസ് നേടിയ ഡോ. അന്‍ഷിദ അബൂബക്കറിനെ മുഴക്കുന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രജീഷ് തെരുവത്ത്പറമ്പില്‍ ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍, സ്ഥിരസമിതി അധ്യക്ഷരായ വി.വി. വിനോദ്, എ. വനജ, കെ.വി. ബിനു, അംഗങ്ങളായ കെ.വി. റഷീദ്, ഷഫീന മുഹമ്മദ്, പാല ഗവ. സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍. സുലോചന, കളരി സെക്രട്ടറി കെ. വിനോദ്കുമാര്‍, പി.കെ. സദന്‍, എ. ഷിബു, കെ.എം. ഗിരീഷ്, സി. പ്രദീപന്‍, ഒ. ഹംസ, എം. ഹരിദാസ്, ടി.എഫ്. സെബാസ്റ്റ്യന്‍, കെ.ടി. ടോമി, എ. നമിത, വി.കെ. കുഞ്ഞിരാമന്‍, സി.എ. അബ്ദുള്‍ ഗഫൂര്‍, സി.കെ. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. കളരി പ്രദര്‍ശനവും നടന്നു.