രാജ്യത്തെ 12 ലക്ഷത്തോളം വരുന്ന കരസൈനികരിൽ 50 ശതമാനവും 2032ൽ അഗ്നിവീറുകളായി മാറുമെന്ന് കരസേനാ ഉപമേധാവി ലെഫ്. ജനറൽ ബി എസ് രാജു പറഞ്ഞു. അഗ്നിപഥ് റിക്രൂട്ടുകളുടെ എണ്ണം ഓരോ വർഷവും വർധിക്കും. കരസേനയിൽ ഈ വർഷം 40,000 പേർ.
എട്ടാം വർഷം 1.2 ലക്ഷം പേരിലെത്തും. 11–-ാം വർഷം 1.6 ലക്ഷമാകും. 2032ൽ കരസേനയിലെ 50 ശതമാനവും അഗ്നിപഥിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട അഗ്നിവീറുകളായിരിക്കും–- ദേശീയ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ രാജു പറഞ്ഞു. അഗ്നിപഥിലൂടെ സൈനികർക്കായുള്ള പെൻഷൻ ചെലവ് വെട്ടിക്കുറയ്‌ക്കുകയാണ് സർക്കാർ ലക്ഷ്യം.2022–- 23 വർഷത്തിൽ 5.25 ലക്ഷം കോടി രൂപയാണ് പ്രതിരോധ ബജറ്റ്. ഇതിൽ 1.20 ലക്ഷം കോടി സൈനികരുടെ പെൻഷനുവേണ്ടിയാണ്. ശമ്പളമടക്കം ശേഷിക്കുന്ന ചെലവ് 2.33 ലക്ഷം കോടി. നാലുവർഷ കാലയളവിലേക്കു മാത്രമായി എടുക്കുന്ന അഗ്നിവീറുകൾക്ക് പെൻഷൻ ഉണ്ടാകില്ല.