*ശ്രീചിത്ര ഹോമും പൂജപ്പുര ചിൽഡ്രൻസ് ഹോമും മന്ത്രി സന്ദർശിച്ചു
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോമുകളിലേയും ഒബ്സർവേഷൻ ഹോമുകളിലേകളിലേയും എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും വിജയിച്ചു. എല്ലാ വിദ്യാർത്ഥികളേയും അവരെ വിജയത്തിലേക്ക് നയിച്ച ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. ശ്രീചിത്ര ഹോമും പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോമും മന്ത്രി നേരിട്ട് സന്ദർശിച്ച് കുട്ടികളുമായി സന്തോഷം പങ്കുവച്ചു.
15 ചിൽഡ്രൻസ് ഹോമുകളിലേയും 2 ഒബ്സർവേഷൻ ഹോമുകളിലേയും 101 കുട്ടികളാണ് പരീക്ഷയെഴുതിയത്. എല്ലാവരേയും വിജയിപ്പിക്കാനായത് അഭിനന്ദനീയമാണ്. വിവിധ ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുമാണ് ഈ ഹോമുകളിൽ എത്തപ്പെടുന്നത്. ഈ കുട്ടികൾക്ക് മികച്ച ജീവിത സാഹചര്യവും പഠനവും നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക സൈക്കോളജിക്കൽ അസസ്മെന്റ്, കൗൺസിലറുടെ സേവനം എന്നിവ നൽകുന്നുണ്ട്. കൂടാതെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഓരോ വിഷയങ്ങൾക്കും പ്രത്യേകം ട്യൂഷനും, പഠനത്തിന്റെ മേൽനോട്ടത്തിനായി എജ്യൂകേറ്ററുടെ സേവനവും, കലാഭിരുചികൾക്കനുസൃതമായി പരിശീലനവും ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പൂജപ്പുര ഗവ. ഹോമിലെത്തിയ മന്ത്രിയ്ക്ക് വിഷ്ണു വരച്ച ചിത്രം സമ്മാനിച്ചു. ഹോമിലെ ചുമർചിത്രത്തെ മന്ത്രി അഭിനന്ദിച്ചു. സുജിത്ത്, മോശ, കിരൺ, മഹേഷ്, ആദർശ് എന്നിവരാണ് ചിത്രം വരച്ചത്.