നമ്മുടെ പൊതുവിദ്യാലയങ്ങൾ പല തലങ്ങളിൽ രാജ്യത്തിനു മാതൃകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. അതിൽ സുപ്രധാനം പൊതുസമൂഹത്തിന്റെ ഇടപെടൽ ആണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
നാടിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളെന്ന നിലയില്‍ നമ്മുടെ പൊതുവിദ്യാലയങ്ങള്‍ക്ക് ഇന്നൊരു സാംസ്കാരികപ്രാധാന്യം കൂടെ ലഭിച്ചിട്ടുണ്ട്. അതു കേരളത്തിലെ പ്രബുദ്ധരായ ജനസമൂഹത്തിന്റെ സജീവമായ ഇടപെടല്‍ അവിടെ ഉണ്ടാകുന്നതുകൊണ്ട് സംഭവിച്ചതാണ്.
സ്കൂളിന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച നയരൂപവൽകരണപ്രക്രിയയില് പൊതുജനങ്ങളുടെ ഇടപെടലിനു വലിയ സാധ്യതകളാണുള്ളത്. പൊതുജനസമ്മതിയോടെയുള്ള സ്കൂളുകളുടെ പ്രവര്‍ത്തനം കാര്യക്ഷമവും ക്രിയാത്മകവുമാണെന്നതിനു ധാരാളം ഉദാഹരണങ്ങളുണ്ട്. പൊതുവിദ്യാലയങ്ങളുടെ ഗുണമികവില്‍ ആശങ്കകളില്ലാതായിട്ടുണ്ട്. ശിശുകേന്ദ്രീകൃതവും ശിശുസൗഹൃദപരവുമായ പഠനാന്തരീക്ഷം സ്കൂളുകളില്‍ നിലവില്‍ വന്നപ്പോള്‍ വലിയ ജനവിശ്വാസ്യത ആര്‍ജിക്കാനായി.
ഓരോവര്‍ഷവും പൊതുവിദ്യാലയങ്ങളില്‍ വര്‍ധിച്ചുവരുന്ന കുട്ടികളുടെ എണ്ണം ഇതിനു തെളിവാണ്. ഈ വര്‍ഷവും അതു തുടരുകയാണെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പാഠ്യപദ്ധതിയുടെ സമയബന്ധിത നിര്‍വഹണത്തിനായി ഈ വര്‍ഷം മുതല്‍ അക്കാദമിക മാസ്റ്റര്‍പ്ലാനും തയാറാക്കിയിട്ടുണ്ട്. എല്‍പി തലം മുതല്‍ ഹയര്‍ സെക്കൻഡറിതലം വരെയുള്ള സിലബസിനെ കൃത്യമായി വിശകലനം ചെയ്ത് രൂപപ്പെടുത്തിയിട്ടുള്ള അക്കാദമിക മാസ്റ്റര്‍പ്ലാന്‍ ഈ മാസം മുതല്‍തന്നെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കും. ഓരോ സ്കൂളിലെയും പ്രാദേശിക സവിശേഷതകള്‍ കൂടെ കണക്കിലെടുത്താണ് അക്കാദമിക മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കേണ്ടത്.
2022-23 അധ്യയനവര്‍ഷത്തില്‍ 288 ടൈറ്റിലുകളിലായി രണ്ടരക്കോടിയിലേറെ പാഠപുസ്തകങ്ങളാണ് ഒന്നാംവാല്യത്തില്‍ എത്തിച്ചു നല്‍കിയിട്ടുള്ളത്.
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പോഷകാഹാരപരിപാടിയായിത്തന്നെ തുടരും. ഉച്ചഭക്ഷണത്തില്‍ പ്രാദേശികവിഭവങ്ങള്‍ കൂടെ ഉള്‍പ്പെടുത്തി ഗുണമേന്മയുള്ള ഭക്ഷണവിതരണത്തിനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിലും വിതരണം ചെയ്യുന്നതിലും എല്ലാ ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങളും കോവിഡ് പ്രോട്ടോക്കോളും പാലിക്കേണ്ടതുണ്ട്.
ഖാദര്ക്കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തിലും സര്‍ക്കാരിന് ജാഗ്രതയുണ്ട്. ഇക്കാര്യത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള എല്ലാ അഭിപ്രായങ്ങളും മാനിച്ചുകൊണ്ടും ആശങ്കകള്‍ പരിഹരിച്ചുകൊണ്ടുമാകും ഏകീകരണം നടപ്പിലാക്കുക. പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.