സംസ്ഥാനത്ത് നാഷണൽ സർവീസ് സ്കീം പ്രവർത്തനങ്ങൾക്ക് പുതിയതായി 485 യൂണിറ്റുകൾ കൂടി നടത്താനുള്ള അനുമതി സംസ്ഥാന നാഷണൽ സർവീസ് സ്കീം കാര്യാലയത്തിനു ലഭിച്ചു. ഓരോ യൂണിറ്റിനും 75,000 രൂപ പ്രതിവർഷ പ്രവർത്തനങ്ങൾക്കു വേണ്ടി ലഭ്യമാകും.
നിലവിൽ എൻഎസ്എസ് ഗ്രാൻഡ് ലഭിക്കുന്ന 1,828 യൂണിറ്റുകൾ കേരളത്തിൽ ഉണ്ട്. ഇപ്പോൾ അത് 2313 യൂണിറ്റുകളായി ഉയർന്നു. ഈ വർഷം മുതൽ കേരളത്തിലെ 2,313 യൂണിറ്റുകൾക്കും പുതിയ തോതിലുള്ള എൻഎസ്എസ് ഗ്രാൻഡ് ലഭിക്കും.
ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച സംസ്ഥാന നാഷണൽ സർവീസ് സ്കീമിനു ശക്തി പകരുന്നതാണ് പുതിയ യൂണിറ്റുകൾ. രാജ്യത്ത് പുതിയതായി 3,000 യൂണിറ്റുകൾ അനുവദിച്ചപ്പോഴാണ് കേരളത്തിന് മാത്രം 485 യൂണിറ്റുകൾ ലഭിച്ചത്. കേരളത്തിന്റെ നാഷണൽ സർവീസ് സ്കീമിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് പുതിയ യൂണിറ്റുകളെന്ന് സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർ.എൻ. അൻസർ പറഞ്ഞു.