സംസ്ഥാന സർക്കാരിന്റെ ഭാഗ്യക്കുറി ഒഴികെയുള്ള സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് നടത്തിപ്പിനായി ബദൽ സംവിധാനം ഏർപ്പെടുത്താൻ സർക്കാർ നീക്കം. നടത്തിപ്പുകാരിൽനിന്നു നിശ്ചിത തുക ഈടാക്കി സമ്മാനക്കൂപ്പൺ നറുക്കെടുപ്പുകൾ അനുവദിക്കാനാണ് ആലോചിക്കുന്നത്. ഇതു സംബന്ധിച്ചു കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് തയാറാക്കാൻ വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
നിലവിൽ സമ്മാനക്കൂപ്പണുകൾ വിൽക്കുന്നതും നറുക്കെടുക്കുന്നതും നിയമവിരുദ്ധമാണ്. എങ്കിലും സംസ്ഥാനത്തുടനീളം ഇത്തരം നറുക്കെടുപ്പുകൾ സജീവമാണെന്നു പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഫീസ് ഈടാക്കി അനുമതി നല്കാൻ ആലോചിക്കുന്നത്.
എംഎൽഎമാരും ഉയർന്ന ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണു റിപ്പോർട്ട് തയാറാക്കുന്ന വിദഗ്ധസമിതിയിലുള്ളത്. അടുത്ത ബജറ്റിനു മുന്നോടിയായി റിപ്പോർട്ട് പരിശോധിച്ച് ഉത്തരവിറക്കാനാണു സർക്കാർ ശ്രമം.
സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും സർക്കാർ അനുമതിയോടെയുള്ള മേളകൾക്കും നിശ്ചിത തുകയിൽ കിഴിവു നല്കി സമ്മാനക്കൂപ്പൺ നറുക്കെടുപ്പുകൾ അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാൽ കടുത്ത നിയന്ത്രണവും നിരീക്ഷണവും ഉണ്ടാകും.
ചില വ്യക്തികളും സ്ഥാപനങ്ങളും നറുക്കെടുപ്പുകൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടപ്പോൾ ലോട്ടറി വകുപ്പ് ഇടപെട്ട് നിർത്തിവയ്പിച്ചിരുന്നു. തുടർന്ന് ഭാഗ്യക്കുറി ഒഴികെയുള്ള നറുക്കെടുപ്പുകൾ നിരോധിച്ച് ഉത്തരവിറക്കാൻ സർക്കാരിനു ശിപാർശ നല്കി.
എന്നാൽ എല്ലാ നറുക്കെടുപ്പുകളും നിരോധിക്കേണ്ടതില്ല എന്ന പൊതുവികാരം കണക്കിലെടുത്താണു പ്രത്യേകം ഫീസ് ഈടാക്കി സമ്മാനക്കൂപ്പണുകൾക്കു അനുമതി നല്കാൻ സർക്കാർ ആലോചിക്കുന്നത്.