കൂടുതൽ സുരക്ഷിതവും സുതാര്യവും ഭാരക്കുറവുള്ളതുമായ ഫൈബർനിർമിത പാചകവാതക സിലിണ്ടറുകൾ കണ്ണൂർ ജില്ലയിൽ വിതരണം ആരംഭിച്ചു. 10 കിലോ, അഞ്ച് കിലോ സിലിണ്ടറുകളാണ് ലഭിക്കുക.
പൂതപ്പാറ ഗൃഹജ്യോതി ഇൻഡേൻ സർവീസസിലെ ഉപഭോക്താവായ പി പി ധൻരാജിന് ആദ്യ സിലിണ്ടർ നൽകി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ ആർ രാജേന്ദ്രൻ കഴിഞ്ഞ ദിവസം വിതരണം ഉദ്‌ഘാടനംചെയ്‌തു.
കോഴിക്കോട് ഡിവിഷണൽ മേധാവി അലക്സി ജോസഫ് അധ്യക്ഷയായ ചടങ്ങിൽ ചീഫ് മാനേജർ വി സുരേന്ദ്രൻ, പി കെ ശ്രീനാഥ് എന്നിവർ സംസാരിച്ചു.
എല്ലാ ഏജൻസികളിൽനിന്നും തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പ്രഥമ കോമ്പോസിറ്റ് സിലിണ്ടർ കണക്ഷൻ നൽകി. ഓരോ ഏജൻസിയിലും മുൻകൂട്ടി ബുക്കുചെയ്യുന്ന 50 വീതം ഉപഭോക്താക്കൾക്ക് ഈ വർഷം കോമ്പോസിറ്റ് സിലിണ്ടർ നൽകും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് രാജ്യത്ത് ആദ്യമായി കോമ്പോസിറ്റ് സിലിണ്ടർ ഉപഭോക്താക്കൾക്കു നൽകുന്നത്. 9447853499 ഫോൺ നമ്പറിൽ സിലിണ്ടർ ബുക്കുചെയ്യാം.