: വിമാനത്തിൽ തങ്ങളുടെ കുട്ടികളോട് കൈയാങ്കളി കാണിച്ചത് ഇ.പി. ജയരാജനാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അക്രമം കാണിച്ചതും നഗ്നമായ സമാധാന ലംഘനം നടത്തിയതും ജയരാജനാണ്. എന്നിട്ടും ഞങ്ങൾ അങ്ങോട്ട് അക്രമം കാണിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.
ജയരാജനോട് ഒരു കാര്യം പറയുകയാണ്. ഞങ്ങളുടെ കുട്ടികളെ ചവിട്ടി ഉരുട്ടിയിട്ടുണ്ടെങ്കിൽ അതിന് നിങ്ങളോട് പ്രതികാരം ചോദിക്കേണ്ടി വരും കോണ്ഗ്രസിന്. അതിന് സംശയം വേണ്ട. കുട്ടികളുടെ വികാരമാണ്. അത് തടഞ്ഞു നിർത്താൻ നിങ്ങൾക്ക് സാധിക്കില്ല. പരിമിതി ഉണ്ടാകും. അവരുടെ ഭാഗത്തുനിന്നും എന്തെങ്കിലും അക്രമം ഉണ്ടായാൽ തങ്ങൾക്ക് അതിന്റെ ഉത്തരവാദിത്വം ഇല്ലെന്ന് സിപിഎമ്മിനെ ഓർമിപ്പിക്കുകയാണ്.
കൂട്ടികളെ ബൂട്ടിട്ടകാലുകൊണ്ട് ചവിട്ടി, അടിച്ചു. ജയരാജൻ നേരിട്ടാണ് അത് ചെയ്തത്. അവരുടെ മൂക്കിലൂടെയും ചെവിയിലുടെയും രക്തം ഒഴുകി. അവർ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്കാനിംഗിന് വിധേയരായിരിക്കുകയാണ്.
ജയരാജൻ ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചപ്പോൾ തങ്ങൾക്ക് പൊളിക്കാൻ പറ്റിയ ഓഫീസുകൾ സിപിഎമ്മിനുമില്ലേ. തങ്ങൾ ആരുടെയും ഓഫീസ് പൊളിച്ചില്ല. ഞങ്ങളുടെ ഓഫീസിൽ വന്ന് അക്രമം കാണിച്ചതും സിപിഎമ്മാണ്. ഇത് സമൂഹം വിലയിരുത്തണം. കേരളം ഭരിക്കുന്ന പാർട്ടിയിൽനിന്നാണ് അക്രമം ഉണ്ടായത്.
ഞങ്ങൾ ആരുടെയും ഓഫീസ് തകർത്തിട്ടില്ല. ആരെയും അക്രമിച്ചിട്ടുമില്ല. ഇതൊന്നും ഇല്ലാതെ പ്രതിഷേധിക്കാനുള്ള അവകാശം യുഡിഎഫിനും കോൺഗ്രസിനും ഇല്ലേ. അത് ഉപയോഗിച്ചാൽ തെറ്റാണോ.
ഓഫീസ് പൊളിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ ഞങ്ങളും യുദ്ധ പ്രഖ്യാപനം നടത്താം. എത്ര ഓഫീസ് നിങ്ങൾ പൊളിക്കുവോ അത്രയും തങ്ങളും പൊളിക്കാം. എന്നാൽ ഇത് ജനാധിപത്യപരമായ കാര്യമല്ല. ഞങ്ങൾ അക്രമത്തിന്റെ പുറകേ പോകില്ലെന്നും ചൊവ്വാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.