ജില്ലയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ രക്തം നൽകിയ സംഘടനയ്‌ക്കുള്ള പുരസ്‌കാരം ഇത്തവണയും ഡിവൈഎഫ്‌ഐയ്‌ക്ക്. ലോകരക്ത ദാതൃദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നൽകുന്ന പുരസ്‌കാരത്തിന് ഡിവൈഎഫ്‌ഐ അർഹമായി. 2791 യൂണിറ്റ് രക്തമാണ് ഡിവൈഎഫ്‌ഐ നൽകിയത്. കഴിഞ്ഞവർഷം ജൂൺ മുതൽ ഈ വർഷം മെയ് വരെയുള്ള കണക്കാണിത്.
‘രക്തദാനം ഐക്യദാർഢ്യം പ്രഖ്യാപിക്കലാണ്, പങ്കുചേരൂ ജീവൻ രക്ഷിക്കൂ’ എന്നതാണ് ഈ വർഷത്തെ രക്തദാതൃദിന സന്ദേശം. ഏറ്റവും കൂടുതൽ രക്തദാനം ചെയ്യുന്ന സംഘടനയ്‌ക്ക് ആരോഗ്യ വകുപ്പ് പുരസ്‌കാരം നൽകാൻ തുടങ്ങിയതു മുതൽ ഡിവൈഎഫ്‌ഐയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രക്തം എപ്പോൾ എവിടെ ആവശ്യപ്പെട്ടാലും എത്തിക്കാനുള്ള സുസജ്ജമായ സംവിധാനത്തിലൂടെയാണ് ഡിവൈഎഫ്‌ഐ അതിജീവനം രക്തദാന പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 4068 യൂണിറ്റുകളിൽനിന്നായി വനിതകളുൾപ്പടെയുള്ള ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്തദാനക്യാമ്പിൽ പങ്കാളികളാവുന്നുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ക്യാമ്പുകളിലൂടെ രക്തം നൽകുന്നത്. കൂടാതെ സ്വകാര്യ ആശുപത്രികളിലും രക്തം നൽകാറുണ്ട്.
2010 യൂണിറ്റ് രക്തം നൽകിയ ഡോണേഴ്‌സ് കേരളയ്‌ക്കാണ് രണ്ടാം സ്ഥാനം.
സേവാഭാരതി–-708, ആർ ഐ ബി കെ 335, ഗ്രീൻ വിംഗ്‌സ് –-83, അമ്മ പെയിൻ ആൻഡ് പാലിയേറ്റീവ് –-78 എന്നിങ്ങനെയാണ് മറ്റ് സംഘടനകൾ നൽകിയ രക്തത്തിന്റെ കണക്ക്.