സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന ആവിഷ്കരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിവരുന്ന അഗതിരഹിത കേരളം പദ്ധതിയുടെ തുക നിലച്ചിട്ട് നാലുമാസം. ഇതുമൂലം അഗതി കുടുംബങ്ങൾക്കുള്ള പലവ്യഞ്ജന കിറ്റ് നൽകാനാവാതെ തദ്ദേശ സ്ഥാപനങ്ങൾ നെട്ടോട്ടമോടുകയാണ്.
ഒരു അംഗം മാത്രമുള്ള കുടുംബത്തിന് 500 രൂപയുടെയും രണ്ട് അംഗങ്ങളുള്ള കുടുംബത്തിന് 700 രൂപയുടെയും മൂന്നോ മൂന്നിൽ കൂടുതലോ അംഗങ്ങളുള്ള കുടുംബത്തിന് 900 രൂപയുടെയും പലവ്യഞ്ജന കിറ്റുകളാണു പദ്ധതിപ്രകാരം നൽകാറുള്ളത്. കുടുംബശ്രീ ജില്ലാ മിഷൻ വഴിയാണു തദ്ദേശസ്ഥാപനങ്ങൾക്കു ഫണ്ട് അനുവദിക്കുന്നത്. 80 ശതമാനം ഫണ്ട് വിനിയോഗിച്ച് കഴിഞ്ഞാൽ വീണ്ടും ഫണ്ട് അനുവദിക്കുന്നതിനുവേണ്ടി കുടുംബശ്രീ വഴി ജില്ലാ മിഷനിൽ അപേക്ഷ കൊടുക്കണം.
എന്നാൽ, നാലുമാസം മുമ്പ് നൽകിയ അപേക്ഷയിൽ ഇതുവരെ തദ്ദേശ സ്ഥാപനങ്ങൾക്കു ഫണ്ട് അനുവദിച്ചിട്ടില്ല. 2017-18ൽ ആരംഭിച്ച പദ്ധതി മൂന്ന് വർഷത്തേക്കുള്ളതായിരുന്നുവെന്നും ഇനി സർക്കാർ പദ്ധതി റിന്യൂവൽ ചെയ്താൽ മാത്രമേ ഫണ്ട് ലഭിക്കുകയുള്ളൂവെന്നുമാണു കുടുംബശ്രീ അധികൃതരുടെ വിശദീകരണം.
താത്ക്കാലികമായി തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിക്കായി തുക കണ്ടെത്തണമെന്നും തുക പദ്ധതി റിന്യൂവൽ ചെയ്താൽ തിരികെ ലഭിക്കുമെന്നും കുടുംബശ്രീ അധികൃതർ പറഞ്ഞു. എന്നാൽ, സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങൾക്കും ഇതു പ്രായോഗികമല്ല.
2003ൽ ആരംഭിച്ച പദ്ധതി 2007ൽ പുനഃപരിശോധന നടത്തുകയും 2009ൽ തുടർ സേവന പദ്ധതി രൂപീകരിക്കുകയും ചെയ്തു. തുടർന്നും ഗുണഭോക്താക്കളെ ഉൾക്കൊള്ളിക്കേണ്ടതുണ്ടെന്നു മനസിലാക്കിയാണു സർക്കാർ 2013ൽ രണ്ടാംഘട്ട പദ്ധതിക്ക് അംഗീകാരം നൽകിയത്.
2017ലാണ് അഗതികുടുംബങ്ങളെ കണ്ടെത്താനുള്ള സർവേ കുടുംബശ്രീ ആരംഭിച്ചത്. ഒൻപത് ക്ലേശഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സർവേ നടത്തിയത്. ഓരോ വർഷവും അർഹരെ ഉൾപ്പെടുത്തിയും അനർഹരെ ഒഴിവാക്കിയുമാണു തദ്ദേശസ്ഥാപനങ്ങൾ പദ്ധതിക്കായുള്ള അപേക്ഷ നൽകേണ്ടത്.