ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ദുരിതം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധബുദ്ധി കാട്ടണമെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ധീരമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുകയാണ്.
കര്‍ഷകരുടെ പ്രശ്നത്തിലും ഇതു തുടരുമെന്നാണ് പ്രതീക്ഷയെ ന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സിറ്റി സെന്റ് ജോസഫ്സ് പള്ളിയില്‍ കോഴിക്കോട് രൂപതാ ശതാബ്ദി ആഘോഷത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ബഫര്‍ സോണ്‍ വിഷയത്തില്‍ കോടതിവിധിയോടെ ആയിരക്കണക്കിനു കര്‍ഷകര്‍ വലിയ ആശങ്കയിലാണ്.
പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാര്‍പാപ്പ ഉള്‍പ്പെടെയുള്ളവരുടെ ഈ ആശയം ഉള്‍ക്കൊണ്ടു ജീവിക്കുന്നവരാണ് ക്രൈസ്തവര്‍. എന്നാല്‍, കേരളത്തിലും രാജ്യത്തും നിലനില്‍ക്കുന്ന സാഹചര്യം മനസിലാക്കണം. കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു സാധിക്കും. ഇതിനു നിയമപരമായി മുന്നോട്ടുപോകാനും പ്രശ്നങ്ങള്‍ പരിഹരിക്കാനുമുള്ള നേതൃവൈഭവം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരിക്കുന്നവരും ഇനി ഭരിക്കാനിരിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കണം. എന്നാല്‍ മാത്രമേ മനുഷ്യകുലത്തിന് ഐക്യത്തോടെയുള്ള ജീവിതം സാധ്യമാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത കോഴിക്കോട് രൂപത ശതാബ്ദി ആഘോഷവേദിയിലായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയത്.