23.2 C
Iritty, IN
July 7, 2024
  • Home
  • Iritty
  • പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനം – ഇരിട്ടിയിൽ സർവക്ഷി കർമ്മ സമിതി രൂപീകരിച്ചു 14 ന് മലയോര ഹർത്താൽ
Iritty

പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനം – ഇരിട്ടിയിൽ സർവക്ഷി കർമ്മ സമിതി രൂപീകരിച്ചു 14 ന് മലയോര ഹർത്താൽ

ഇരിട്ടി: വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചതിനെതിരെ പ്രക്ഷോഭ നിയമ പോരാട്ടങ്ങളുമായി രംഗത്തിറങ്ങാൻ സർവ്വകക്ഷി കർമ്മസമിതി രൂപീകരിച്ചു. ആറളം, കൊട്ടിയൂർ, ബ്രഹ്മഗിരി വന്യജീവി സങ്കേതം ബഫർ സോൺ കർമ്മസമിതി എന്ന പേരിൽ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കായാണ് സർവകക്ഷി കർമ്മസമിതി രൂപീകരിച്ചത്. തലശ്ശേരി അതിരൂപതയുടെയും ഇൻഫാമിന്റെയും പരിസ്ഥിതി ലോല ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം ചേർന്നാണ് സ്ഥിരം സ്വഭാവമുള്ള സംയുക്ത കർമ്മസമിതിക്ക് രൂപംകൊടുത്തിരിക്കുന്നത്. 14 ന് ആറളം, കൊട്ടിയൂർ, കേളകം, കണിച്ചാർ, അയ്യൻകുന്ന് പഞ്ചായത്തുകളിൽ മലയോര ഹർത്താൽ നടത്തും. അന്ന് വൈകിട്ട് 5 ന് ഇരിട്ടിയിൽ ബഹുജന റാലിയും നടത്തും.
പ്രധാനമന്ത്രി, കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി, കേന്ദ്ര നിയമ മന്ത്രി, കേരള മുഖ്യമന്ത്രി, കേരള വനം മന്ത്രി എന്നിവർക്ക് നിവേദനം നൽകും. സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധിയെന്ന നിലയിൽ ഏതു വിധത്തിലും പ്രതിസന്ധി ഒഴിവാക്കിയെടുക്കാനുള്ള കാര്യങ്ങളിൽ കർമ്മസമിതി സ്വന്തം നിലയ്ക്കും നിയമോപദേശം തേടും.
കർഷകനെ സ്വന്തം കൃഷിയിടത്തിൽ നിന്ന് ഒരു രൂപ നഷ്ടപരിഹാരം നൽകാതെ ഇറക്കി വിടാൻ കാരണമാകുന്നതാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായിട്ടുള്ള നിർഭാഗ്യകരമായ വിധിയെന്ന് ഉദ്ഘാടനം ചെയ്ത തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നിരിക്കുന്നത്. സുപ്രീംകോടതിയിൽ പുനപരിശോധനാ ഹർജി നൽകാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. നടപടിക്രമങ്ങൾ വൈകാതിരിക്കാൻ മുഖ്യമന്ത്രി തന്നെ വിഷയത്തിൽ നേരിട്ട് ഇടപെടണം. പാളിച്ചകൾ ഉണ്ടാകാതിരിക്കാൻ ഏറ്റവും മികച്ച നിയമ വിദഗ്ധരെ കേസ് നടപടിക്രമങ്ങൾക്കായി ചുമതലപ്പെടുത്തണം. കേരളത്തെ രണ്ടായി കീറിമുറിക്കുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 5.5 ലക്ഷം ഏക്കർ സ്ഥലത്ത് കഴിയുന്ന 12 ലക്ഷത്തോളം കർഷകരാണ് വഴിയാധാരമാകുന്നത്. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് തീരുമാനം. പ്രശ്നത്തിൽ രാഷ്ട്രീയ ചിന്തകൾക്കും മതചിന്തകൾക്കും അധീതമായുള്ള യോജിച്ച പോരാട്ടമാണ് ഉണ്ടാവേണ്ടതെന്നും ആർച്ച് ബിഷപ് പറഞ്ഞു.
സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ മുഖ്യാഥിതിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വേലായുധൻ (ഇരിട്ടി), കെ.സുധാകരൻ (പേരാവൂർ), ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, വികാരി ജനറൽമാരായ മോൺ ആന്റണി മുതുകുന്നേൽ, മോൺ ജോസഫ് ഒറ്റപ്ലാക്കൽ, മോൺ സെബാസ്റ്റ്യൻ പാലാക്കുഴി, ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ.ജോസഫ് കാവനാടി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജേഷ് (ആറളം), റോയി നമ്പുടാകം (കൊട്ടിയൂർ), കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (അയ്യൻകുന്ന്), പി.സി. ഷാജി (ഉളിക്കൽ), എടൂർ ഫൊറോന കൗൺസിൽ സെക്രട്ടറി മാത്തുക്കുട്ടി പന്തപ്ലാക്കൽ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസഫ്, ജൂബിലി ചാക്കോ, എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി.എൻ. ബാബു, ഇബ്രാഹിം മുണ്ടേരി, ബാബുരാജ് പായം, ബെന്നിച്ചൻ മഠത്തിനകം, വിപിൻ തോമസ്, തോമസ് തയ്യിൽ, കെ. മുഹമ്മദലി, ബാബുരാജ് ഉളിക്കൽ, ജോസ്. എ വൺ, പാസ്റ്ററൽ കോ – ഓർഡിനേറ്റർ ഫാ.ഫിലിപ്പ് കവിയിൽ, ചാൻസലർ ഫാ. ബിജു മുട്ടത്തുക്കുന്നേൽ, പ്രൊക്കുറേറ്റർ ഫാ. ജോസഫ് കാക്കരമറ്റം, ടിഎസ്എസ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ, കെസിവൈഎം ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ, ഫൊറോന വികാരിമാരായ ഫാ. ജോസഫ് വടക്കേമുറി (എടൂർ), ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് (പേരാവൂർ) എന്നിവർ പ്രസംഗിച്ചു.
കർമ്മസമിതി ഭാരവാഹികൾ: മാർ ജോസഫ് പാംപ്ലാനി, കെ. സുധാകരൻ എം.പി., ഡോ. വി. ശിവദാസൻ എം.പി., സന്തോഷ്‌കുമാർ എം.പി., സജീവ് ജോസഫ് എംഎൽഎ (രക്ഷാധികാരികൾ), സണ്ണി ജോസഫ് എം.എൽഎ. (ചെയർമാൻ), ബിനോയ് കുര്യൻ, മോൺ ആന്റണി മുതുകുന്നേൽ (വൈസ് ചെയർമാൻമാർ), ഫാ. ജോസഫ് കാവനാടി (ജനറൽ സെക്രട്ടറി) ബഫർ സോൺ ബാധിത മേഖലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ വൈസ് ചെയർമാൻ,പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ (കൺവീനർമാർ), രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ (നിർവാഹകസമിതി അംഗങ്ങൾ).

Related posts

കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു

Aswathi Kottiyoor

ലെൻസ് ഫെഡ് താലൂക്ക് സമ്മേളനം നടത്തി

Aswathi Kottiyoor

പടിയൂര്‍ – പഴശ്ശി ഇക്കോ പ്ലാനറ്റ് ടൂറിസം പദ്ധതി ഒന്നാം ഘട്ട പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox