തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾക്കു കർശനനിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. അതോടൊപ്പം ലഹരിവസ്തുക്കളുടെയും പാനീയങ്ങളുടെയും പരസ്യങ്ങൾക്ക് സന്പൂർണ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. കുട്ടികളെ സൂപ്പർ ഹീറോകളാക്കി മാറ്റുമെന്ന തരത്തിലുള്ള പരസ്യങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതാണ് പുതിയ മാർഗനിർദേശങ്ങൾ. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇറക്കിയ നിർദേശങ്ങൾ വെള്ളിയാഴ്ച മുതൽ നിലവിൽ വന്നു.
മാർഗനിർദേശങ്ങൾ ലംഘിച്ചാൽ ഉപഭോക്തൃസംരക്ഷണ നിയമപ്രകാരം ആദ്യം പത്തു ലക്ഷം രൂപയും വീണ്ടും ലംഘിച്ചാൽ 50 ലക്ഷം രൂപയും പിഴ ചുമത്തും. അച്ചടി, ദൃശ്യ, ഓണ്‍ലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്ന എല്ലാ പരസ്യങ്ങൾക്കും മാർഗനിർദേശങ്ങൾ ബാധകമാണ്. അതു പോലെ ഉപഭോക്താക്കളെ ആകർഷിക്കാൻ സാധനങ്ങൾ യഥാർഥ വിലയിലും കുറച്ചു വിൽക്കുന്നു എന്ന തരത്തിലുള്ള പരസ്യങ്ങളും കുറ്റകരമാണ്.