കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ടു വിട്ടയയ്ക്കാൻ സർക്കാർ നിർദേശിച്ച തടവുകാരുടെ വിശദാംശങ്ങൾ രാജ്ഭവൻ വിശദമായി പരിശോധിക്കുന്നു.
സർക്കാർ നൽകിയ മറുപടിയിലെ നിയമപരവും ഭരണപരവുമായ സാധുതകൾ വിശദമായി പരിശോധിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കുന്നത്. ഓരോ തടവുകാരന്റെയും കേസും ശിക്ഷാ കാലാവധിയും അടക്കമുള്ള വിശദാംശങ്ങളും സർക്കാർ നൽകിയ മറുപടിയിലുണ്ട്.പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യമായ നടപടി ഫയലിൽ ഗവർണർ സ്വീകരിക്കും.
കൊടുംക്രിമിനലുകളോ ഹീന കുറ്റകൃത്യങ്ങൾ ചെയ്തവരോ പട്ടികയിലില്ലെന്നു വ്യക്തമാക്കി, സർക്കാർ ഗവർണർക്കു മറുപടി നൽകിയിരുന്നു.
തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ടു 2018 ൽ സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശവുമായി ഇപ്പോഴത്തെ ജയിൽമോചിതരാകുന്നവരുടെ പട്ടികയ് ക്കു ബന്ധമില്ലെന്നും ചീഫ് സെക്രട്ടറി വി.പി. ജോയി കഴിഞ്ഞ ദിവസം ഗവർണർക്കു സമർപ്പിച്ച മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
33 തടവുകാരെ മോചനവുമായി ബന്ധപ്പെട്ടു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ച സംശയങ്ങൾക്ക് സർക്കാർ കഴിഞ്ഞ ദിവസമാണു വിശദമായ മറുപടി നൽകിയത്.
തടവുകാരെ മോചിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2018ൽ ഇറക്കിയ സർക്കുലർ പാലിച്ചതായി നേരത്തേ ഗവർണർക്ക് അയച്ച ഫയലിൽ വ്യക്തമാക്കിയിരുന്നില്ല. ഇതു സംബന്ധിച്ചായിരുന്നു ഗവർണർ പ്രധാന സംശയം പ്രകടിപ്പിച്ചത്.
എന്നാൽ 2018ലെ ഉത്തരവ് തടവുകാരുടെ ശിക്ഷാ കാലാവധിയിൽ ഇളവു ചെയ്തു മോചനം നൽകുന്നവർക്കുള്ളതാണെന്നും എന്നാൽ, ഇപ്പോഴത്തെ തടവുകാരുടെ മോചനം ശിക്ഷാ കാലാവധി കഴിഞ്ഞവർക്കുള്ളതാണെന്നുമാണു വ്യക്തമാക്കുന്നത്.