22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • അവധിദിനങ്ങളിലെ സഞ്ചാരിപ്രവാഹം; ശ്വാസംമുട്ടി താമരശ്ശേരി ചുരം.*
Kerala

അവധിദിനങ്ങളിലെ സഞ്ചാരിപ്രവാഹം; ശ്വാസംമുട്ടി താമരശ്ശേരി ചുരം.*


കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരംപാതയെ തിരക്കില്‍ ശ്വാസംമുട്ടിക്കുകയാണ് മഴക്കാലത്തെ സഞ്ചാരിപ്രവാഹം.

ശനി, ഞായര്‍ ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലുമാണ് അനിയന്ത്രിതമായ തിരക്ക് ചുരംപാതയില്‍ അനുഭവപ്പെടുന്നത്.

മുടിപ്പിന്‍വളവുകളുടെ തുടക്കംമുതല്‍ വ്യൂ പോയന്റ് വരെയുള്ള ഭാഗത്തും അവിടെനിന്ന് വയനാട് ജില്ലാകവാടംവരെയുള്ള ഭാഗത്ത് പലയിടങ്ങളിലും ഒറ്റയ്ക്കും കൂട്ടമായെത്തിയും ഏറെനേരം തമ്പടിക്കുകയാണ് വിനോദസഞ്ചാരികള്‍.വാഹനസാന്ദ്രത, അപകടങ്ങള്‍, യന്ത്രത്തകരാറുകള്‍, മണ്ണിടിച്ചില്‍, മരംവീഴ്ച, റോഡ് തകര്‍ച്ച എന്നിവയെല്ലാം സ്വതവേ ഗതാഗതക്കുരുക്ക് തുടര്‍ക്കഥയാക്കുന്ന താമരശ്ശേരി ചുരത്തില്‍, നൂറുകണക്കിന് സഞ്ചാരികളാണ് മഴക്കാലത്തെ അവധിദിനങ്ങളില്‍ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നത്.

പാര്‍ക്കിങ് തീര്‍ക്കുന്ന പ്രശ്‌നങ്ങള്‍

പാര്‍ക്കിങ്ങിന് നിരോധനമുള്ള ചുരം വ്യൂ പോയന്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ചുരത്തിലെ ദൃശ്യഭംഗി ആസ്വദിക്കുന്നവരാണ് സഞ്ചാരികളിലേറെയും. സ്ഥലസൗകര്യവും താഴ്‌വാരത്തിന്റെ ഭംഗികാണാവുന്ന ഒഴിവും ഉള്ള പാതയോരങ്ങളിലെല്ലാം പാര്‍ക്കിങ് പതിവാണ്. സഞ്ചാരികളില്‍നിന്ന് ഭക്ഷണസാധനങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ വാനരക്കൂട്ടവും പതിവായി വന്നണയുന്നു.ചുരംപാതയിലൂടെ കടന്നുപോവുന്നരില്‍ പലരും കൗതുകംകൊണ്ട് വാഹനം നിര്‍ത്തി ചുരംകാഴ്ച ആസ്വദിക്കാനിറങ്ങുകയോ, വേഗം വളരെ ക്കുറച്ച് കാഴ്ചകള്‍ ഓരോന്നായി വീക്ഷിച്ച് പോവുകയോ ചെയ്യും. റോഡരികില്‍ വാഹനങ്ങള്‍ തിങ്ങിനിറയുമ്പോള്‍ റോഡിലേക്ക് കയറിവരെ ചിലര്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുക കൂടി ചെയ്യുന്നതോടെ വ്യൂപോയന്റ് മുതല്‍ ഒമ്പതാംവളവ് വരെയുള്ള ഭാഗത്ത് പലപ്പോഴും വലിയ ഗതാഗതക്കുരുക്കാണ് പ്രകടമാവുന്നത്. നിലവില്‍ ചെക്ക് പോസ്റ്റ് പരിസരത്തും സമീപത്തുമായി വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സ്ഥലസൗകര്യമുണ്ടെങ്കിലും മിക്കവരും അതുപയോഗപ്പെടുത്താറില്ല. വാഹനംനിര്‍ത്തി താഴേക്ക് നടന്നുപോവാനുള്ള താത്പര്യമില്ലായ്മയാണ് അതിന് കാരണം.

സാധാരണ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍നിന്ന് വിഭിന്നമായി, യാത്രാമധ്യേ വാഹനം നിര്‍ത്തിയിറങ്ങി അല്പനേരം കാഴ്ച ആസ്വദിച്ചും ഫോട്ടോകളെടുത്തും മടങ്ങുന്നതാണ് മിക്കവരുടെയും രീതി. ഇങ്ങനെ മിനിറ്റുകളുടെ ഇടവേളകളില്‍ വാഹനങ്ങള്‍ മാറിമാറി കടന്നുപോവുമ്പോള്‍ വലിയ തിരക്ക് പ്രകടമാവാറില്ല. എന്നാല്‍ വലിയ വാഹനങ്ങളിലും ബൈക്കുകളിലും മറ്റും കൂട്ടമായെത്തുന്നവരും ഇതരജില്ലകളില്‍ നിന്നുള്ള സഞ്ചാരികളും പലപ്പോഴും ഏറെ നേരം ചുരംപാതയ്ക്കരികില്‍ വാഹനങ്ങള്‍ നിര്‍ത്തി പ്രകൃതിഭംഗി ആസ്വദിക്കുമ്പോഴാണ് തിരക്കേറുന്നതിന് ഇടവരുത്തുന്നത്. ഹൈവേഅടിവാരം ഔട്ട്‌പോസ്റ്റ് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുമ്പോള്‍ മാത്രമാണ് അനധികൃത പാര്‍ക്കിങ്ങിന് അറുതിയാവാറുള്ളത്.

Related posts

കോ​ട​തി ഉ​ത്ത​ര​വി​ട്ടു: ഇ.​പി.​ ജ​യ​രാ​ജ​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

Aswathi Kottiyoor

കൺസ്യൂമർഫെഡ്‌ സമ്മാനക്കൂപ്പൺ പുറത്തിറക്കി

Aswathi Kottiyoor

പൂട്ടിടാനൊരുങ്ങി പൊലീസ്; മിന്നൽപണിമുടക്ക് നടത്തിയാൽ നടപടി

Aswathi Kottiyoor
WordPress Image Lightbox