കണ്ണൂർ: തൊഴിലുറപ്പ് ജോലി ചെയ്യുന്നവർ കൃത്യമായി തൊഴിൽ ചെയ്യുന്നുണ്ടോയെന്ന് മനസ്സിലാക്കാൻ തൊഴിലാളികളുടെ ഫോട്ടോയെടുപ്പുമായി കേന്ദ്രസർക്കാർ.
തൊഴിൽസ്ഥലത്ത് രാവിലെയും വൈകിട്ടും തൊഴിലാളികൾ ജോലിചെയ്യുന്നത് ഫോട്ടോയെടുത്ത് തൊഴിലുറപ്പ് പദ്ധതിയുടെ പ്രത്യേക സൈറ്റിൽ അപ്‌ലോഡ് ചെയ്യാനാണ് നിർദേശം. ഇതോടെ എത്രപേർ ജോലിചെയ്ത് വേതനം പറ്റുന്നുവെന്ന് കൃത്യമായി മനസ്സിലാക്കാൻ പറ്റും. മേയ് 16 മുതൽ മറ്റു സംസ്ഥാനങ്ങളിൽ തുടക്കം കുറിച്ച പദ്ധതി കേരളത്തിലും തുടങ്ങിയിട്ടുണ്ട്. വർക്ക്‌സൈറ്റ് സൂപ്പർവൈസർക്കാണ് ഇതിന്റെ ചുമതല. രാവിലെ 11-നും ഉച്ചയ്ക്ക് രണ്ടിനും വൈകിട്ട് അഞ്ചുമണിക്കും ഇടയിലാണ് ഫോട്ടോ എടുക്കേണ്ടത്. ഈ ഫോട്ടോ ഉടൻതന്നെ പദ്ധതിയുടെ സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്താകമാനം അനർഹരായ ആളുകൾ വേതനം കൈപ്പറ്റുന്നതോടൊപ്പം ഇടനിലക്കാർ മസ്റ്റർറോളിൽ കൃത്രിമം കാണിച്ച് വൻ തുക എഴുതിയെടുക്കുന്നതായും ആക്ഷേപമുണ്ട്. ഇല്ലാത്ത ആളിന്റെ പേരോ വീട്ടിലിരിക്കുന്ന ആളിന്റെ പേരോ മസ്റ്റർറോളിൽ ഉൾപ്പെടുത്തി പണം ബാങ്കിലെത്തിക്കുന്ന സംവിധാനത്തിന് ഉദ്യോഗസ്ഥർതന്നെ കൂട്ടുനിൽക്കുന്നതായി പരാതിയുണ്ടായിരുന്നു. തൊഴിലെടുക്കാനായി വന്നശേഷം ഒപ്പിട്ട് മുങ്ങുന്നവരും നിരവധിയാണ്. ഇതിനുള്ള പരിഹാരമാണ് പുതിയ സംവിധാനം.