നാദാപുരം > നാദാപുരം പേരോട് കോളേജ് വിദ്യാർഥിനിയെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ പ്രതി റഫ്‌നാസിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കല്ലാച്ചി ഹൈടെക് കോളേജിൽ ബികോം ബിരുദ വിദ്യാർഥിനിയാണ് നയീമ. വ്യാഴം പകൽ രണ്ടിന് കോളേജിൽനിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോൾ പിന്തുടർന്നെത്തിയ റഫ്‌നാസ് വീടിന് മുൻവശത്തെ റോഡരികിൽവച്ച് തലക്ക് വെട്ടുകയായിരുന്നു. റോഡരികിൽ വീണ പെൺകുട്ടിയെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും വടകര സഹകരണ ആശുപത്രിയിലും എത്തിച്ച് പ്രാഥമിക ചികിത്സനൽകി. ആക്രമണം തടയാൻ ശ്രമിച്ച നാട്ടുകാർക്കുനേരെയും റഫ്‌നാസ് കൊടുവാൾ വീശി. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു. നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.കൊടുവാളും പെട്രോളുമായാണ് പ്രതി എത്തിയത്. വെട്ടിയത് പ്രണയം നിരസിച്ചതിനെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. വെട്ടാനുപയോഗിച്ച കൊടുവാളും സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം ഡിവൈഎസ്‌പി ടി പി ജേക്കബ്, സിഐ ഇ വി ഫായീസ് അലി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ഫോറൻസിക് സംഘം തെളിവ് ശേഖരിച്ചു.
ആക്രമിക്കാനായി വീടിനുമുന്നിൽ കാത്തിരുന്നു
വ്യാഴം രാവിലെതന്നെ റഫ്‌നാസ് പേരോട്ടെ പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് എത്തിയിരുന്നു. പകൽ രണ്ടോടെ കോളേജിൽനിന്ന് മടങ്ങിവരുന്ന നയീമയെ കൊലപ്പെടുത്താനായി ബൈക്കിൽ കാത്തിരിക്കുകയായിരുന്നു. നയീമ വീടിന് സമീപമെത്തിയപ്പോൾ പിന്തുടർന്നെത്തി വെട്ടുകയായിരുന്നു. കൃത്യം നിർവഹിച്ചശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്താനായിരുന്നു പദ്ധതിയെന്നാണ് പൊലീസിന്റെ സംശയം. അതുവഴി വന്ന കാർ യാത്രികരാണ് ആക്രമം പ്രതിരോധിച്ച് ഇയാളെ കീഴ്പ്പെടുത്തി പൊലീസിന് കൈമാറിയത്. കല്ലാച്ചിയിലെ തുണിക്കടയിൽ ജോലിചെയ്യുകയാണ് റഫ്‌നാസ്.