പാലക്കാട് ∙ വ്യാജക്കള്ള് നിർമാണം തടയാൻ ബന്ധപ്പെട്ട പ്രദേശങ്ങളിൽ വാർഡുതല കമ്മിറ്റികളും സ്പെഷൽ സ്ക്വാഡും രൂപീകരിക്കുന്നതു പരിഗണിക്കുന്നു. കുടുംബശ്രീ അയൽക്കൂട്ടം മാതൃകയിൽ എക്സൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കമ്മിറ്റികളുണ്ടാക്കാനാണു ധാരണ.
കൂടുതൽ കള്ള് ഉൽപാദിപ്പിക്കുന്ന പാലക്കാട് ചിറ്റൂരിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നത് അടുത്ത ദിവസം ചർച്ചചെയ്യും. പാലക്കാട്ടെ കൈക്കൂലി വിവാദത്തിന്റെ പശ്ചാത്തലത്തിൽ വകുപ്പു മന്ത്രി എം.വി.ഗോവിന്ദൻ, എക്സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, എറണാകുളം, തിരുവനന്തപുരം മേഖലകളിൽ നടന്ന എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗങ്ങളിൽ ഇക്കാര്യം ചർച്ച ചെയ്തു.
കലക്കുകള്ള് നിർമാണത്തിനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി അതതു പ്രദേശങ്ങളിലെ തെങ്ങുകൾ, തോപ്പുകൾ, നമ്പറിട്ട തെങ്ങുകൾ, മൊത്തം തൊഴിലാളികൾ എന്നിവയുടെ എണ്ണവും രണ്ടു സീസണുകളിലായി ലഭിക്കുന്ന കള്ളിന്റെ അളവും കുടുംബശ്രീ ഗ്രൂപ്പുകൾ മുഖേന അടുത്ത മാസം അവസാനത്തോടെ ശേഖരിക്കാനാണു പരിപാടി. മാസപ്പടി ആരോപണത്തിൽപ്പെടുന്ന ഉദ്യോഗസ്ഥന്റെ റേഞ്ച്, സർക്കിൾ മേലുദ്യോഗസ്ഥരും നടപടി നേരിടേണ്ടിവരും.