ജൂണ്‍ 9 ന് അര്‍ധരാത്രി 12 മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലയിലെ ഇതരസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിനകം തീരം വിടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു. ട്രോളിംഗ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന് 2 ബോട്ടുകള്‍ വാടകയ്‌ക്കെടുത്തു. രക്ഷാപ്രവര്‍ത്തനത്തിനായി നാല് ലൈഫ് ഗാര്‍ഡുമാരെ പുതുതായി തെരഞ്ഞെടുക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ തുടങ്ങി. ഫോണ്‍: 049727 32487.
നിരോധന കാലയളവില്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ബയോമെട്രിക് ഐ ഡി കാര്‍ഡ്, /ആധാര്‍ കാര്‍ഡ്/ലൈഫ് ജാക്കറ്റ് എന്നിവ കരുതണം. ഹാര്‍ബറുകളിലെയും മറ്റും ഡീസല്‍ബങ്കുകള്‍ അടച്ച് പൂട്ടും, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസലിനായി തെരഞ്ഞെടുത്ത മത്സ്യഫെഡ് ബങ്കുകള്‍ അനുവദിക്കും. ഒരു ഇന്‍ബോര്‍ഡ് വള്ളത്തിന് ഒരു കാരിയര്‍ മാത്രം അനുവദിക്കും. ലൈറ്റ് ഫിഷിംഗും ജുവനൈല്‍ ഫിഷിംഗും നിരോധിക്കും. മീന്‍പിടുത്തക്കാര്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഗൗരവമായെടുക്കണം. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള ചുമതല മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ് ഫിഷറീസ് വകുപ്പുകള്‍ക്കാണ്. അടിയന്തിര സാഹചര്യത്തില്‍ നേവി ഹെലികോപ്ടര്‍ സേവനം ലഭ്യമാക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു