വനമേഖലയോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോലമാക്കിയുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ കണ്ണൂരിൻ്റെ മലയോര മേഖലകൾ സമരത്തിലേക്ക്. കുടിയേറ്റ ജനത തങ്ങളുടെ നിലനിൽപ്പിനായി നിരവധി സമരങ്ങൾ നടത്തി വിജയം വരിച്ച കേളകത്ത് ജൂൺ 11 ശനിയാഴ്ച്ച മൂന്ന് മണിക്ക് ഐശ്വര്യ ഓഡിറ്റോറിയത്തിൽ കിഫയുടെ (കേരള ഇൻ്റി പെൻ്റൻ്റ് ഫാർമേഴ്സ് അസോസിയേഷൻ) ആഭിമുഖ്യത്തിൽ നടക്കുന്ന യോഗത്തിൽ ബഫർ സോണിനെതിരെ സമര പ്രഖ്യാപനം നടത്തും. പ്രശ്നത്തിൽ മലയോര ജനതയുടെ ആശങ്ക പങ്കുവെക്കുന്നതിനും ആക്ഷൻ കമ്മറ്റി രൂപികരിക്കുന്നതിനും ചേരുന്ന യോഗത്തിൽ കൊട്ടിയൂർ, കേളകം , ആറളംപഞ്ചായത്ത് പരിധിയിൽ പെടുന്ന ജനപ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി സംഘടനകളുടെ നേതാക്കൾ, നിയമ വിദഗ്ദർ, മത നേതാക്കൾ കർഷക സംഘടന ഭാരവാഹികൾ, സാമൂഹിക സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച്ച മൂന്നിന് നടക്കുന്ന യോഗത്തിൽ കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ക്ലാസെടുക്കുമെന്ന് കിഫ ജില്ലാ പ്രസിഡൻ്റ് ജിജി മുക്കാട്ടുകാവുങ്കൽ, സംസ്ഥാന കമ്മിറ്റി അംഗം പ്രിൻസ് ദേവസ്യ, ജില്ല കമ്മറ്റി അംഗം അനിൽ താഴത്തെമുറി തുടങ്ങിയവർ അറിയിച്ചു.