തലശേരി: സംരക്ഷിതവനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ദേശീയ പാർക്കുകൾക്കും ചുറ്റും ഒരു കീലോമീറ്റർ ദൂരം ബഫർസോണ്‍ നിർണയിച്ച് പരിസ്ഥിതിലോല മേഖലയാ(ഇഎസ്സെഡ്)ക്കണമെന്ന സുപ്രീം കോടതി വിധി അങ്ങേയറ്റം ദുഃഖകരമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. പതിനായിരക്കണക്കിന് ജനവിഭാഗങ്ങളെ കുടിയൊഴിപ്പിക്കാനിടയാകുന്നതാണ് ദൗർഭാഗ്യകരമായ കോടതിവിധി. സംസ്ഥാന സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ കർഷകർക്കനുകൂലമായി ഇടപെടണമെന്ന് ആർച്ച്ബിഷപ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കേരളത്തിന്റെ കാർഷികഭൂമി പകുത്തുമാറ്റി കളയുന്ന വിധത്തിലുള്ള സാഹചര്യമാണ് വിധിയിലൂടെ ഉടലെടുത്തിരിക്കുന്നത്. ഒരു കിലോമീറ്റർ ആകാശദൂരം എന്നത് ഫലത്തിൽ മൂന്നു മുതൽ അഞ്ചു കിലോമീറ്റർ വരെയും ചില കേന്ദ്രങ്ങളിൽ അതിലുമധികവും പരിസ്ഥിതിലോല മേഖലയാകുമെന്ന സാഹചര്യമാണുള്ളത്. ഈ ബഫർസോണിലെ ഭൂമി സാവകാശം വനമായി മാറും. യാതൊരു നഷ്ടപരിഹാരവും ലഭിക്കാതെ കർഷകർ സ്വമേധയാ കുടിയിറങ്ങേണ്ട സ്ഥിതിയാണ് ഇതിലൂടെ സംഭവിക്കുക.
കണ്ണൂർ ജില്ലയിൽ ആറളം, കൊട്ടിയൂർ, കർണാടകയിലെ മാക്കൂട്ടം, ബ്രഹ്മഗിരി വന്യജീവി സങ്കേതം ഉൾപ്പെടെ സംരക്ഷിത വനമേഖലയിൽപ്പെടുന്നവയാണ്. കൊട്ടിയൂർ, ആറളം, അയ്യൻകുന്ന്, ഉളിക്കൽ, പയ്യാവൂർ പഞ്ചായത്തുകൾ ഈ സങ്കേതങ്ങളെ അതിരിടുന്നുണ്ട്. കൃഷി മുഖ്യവരുമാന മാർഗമായി ഉപജീവനം നടത്തുന്ന പതിനായിരക്കണക്കിന് കർഷകർക്ക് വെറുംകൈയോടെ തങ്ങളുടെ ഭൂമി വിട്ട് ഇറങ്ങിപ്പോകേണ്ട സാഹചര്യം ചിന്തിക്കാനാകില്ല. ആറളം ഫാം പുനരധിവാസ മേഖലയിലെ ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങളും ഒഴിഞ്ഞുപോകേണ്ടിവരും.
ആറളത്ത് നൂറു മീറ്ററും കൊട്ടിയൂരിൽ 21 കിലോമീറ്റർ വരെയും പരിസ്ഥിതി ലോലമാക്കാനുള്ള ശിപാർശ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സർക്കാരിനും വനംവകുപ്പിനും പ്രദേശത്തെ കർഷകരോഷത്തിലൂടെ ബോധ്യപ്പെട്ടതാണ്. ഇതേത്തുടർന്ന് സീറോ പോയിന്റിലേക്ക് ബഫർസോണ്‍ നിജപ്പെടുത്താൻ ശിപാർശ നൽകുകയും കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം ഇതു പരിഗണിക്കുമെന്ന ആശ്വാസത്തിൽ കർഷകർ കഴിയുന്നതിനിടെയാണ് ഇടിത്തീയായി പുതിയ വിധി.
സുപ്രീംകോടതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ ഔദ്യോഗിക സംവിധാനങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. കർഷകർക്ക് അനുകൂലമായ വിധി നേടിയെടുക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം. ഒരു കാരണവശാലും കർഷകന്റെ ഭൂമി പരിസ്ഥിതി ലോലമാക്കി പിടിച്ചെടുക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ കർഷകരുടെ പ്രക്ഷോഭത്തിനു മുന്നിൽ അതിരൂപത ഉണ്ടാകുമെന്നും ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
previous post