അഴീക്കല്‍ മത്സ്യ ഹാര്‍ബറിന്റെ സമഗ്രവികസത്തിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച 25 കോടി രൂപയുടെ പദ്ധതിക്ക് വേഗം അനുമതി ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്ന് നിയമസഭാ സമിതി. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതി അംഗങ്ങള്‍ അഴീക്കല്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കും.
അഴീക്കല്‍ ഹാര്‍ബറിന്റെ മുഖഛായ മാറ്റുന്ന പദ്ധതിക്കാണ് കെ വി സുമേഷ് എം എല്‍ എയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയത്. തൊഴിലാളികള്‍ക്കുള്ള വിശ്രമമുറി, സാധനങ്ങള്‍ സൂക്ഷിക്കാനുള്ള മുറി, ശുചിമുറി ബ്ലോക്ക്, മത്സ്യം വാഹനത്തില്‍ കയറ്റാനും പാര്‍ക്കിങ്ങിനുമുള്ള സൗകര്യം, ഫിഷറീസ് വകുപ്പിന്റെ ഓഫീസ്, ഫിഷറീസ് സ്‌കൂള്‍ മൈതാനം എന്നിവയുടെ നവീകരണം, സൗന്ദര്യവല്‍ക്കരണം ആധുനിക ലേലപ്പുര തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 12 വര്‍ഷത്തിലധികം പഴക്കമുള്ള മര ബോട്ടുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്തത് പ്രയാസം സൃഷ്ടിക്കുന്നതായി തൊഴിലാളികള്‍ സമിതിയെ അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് പഴക്കമുള്ള ബോട്ടുകളുടെ ലൈസന്‍സ് പുതുക്കാത്തതെന്ന് ഫിഷറീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സമിതി അധ്യക്ഷനായ പി പി ചിത്തരഞ്ജന്‍ എം എല്‍ എ തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. കെ വി സുമേഷ് എം എല്‍ എ, സമിതി അംഗങ്ങളും എം എല്‍ എമാരുമായ എന്‍ എ നെല്ലിക്കുന്ന്, എം വിന്‍സെന്റ്, കാനത്തില്‍ ജമീല, എന്‍ കെ അക്ബര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.