കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ലോകത്തിന് ഭീഷണിയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങൾ കേരളവും അനുഭവിച്ചു. മാലിന്യ നിർമ്മാർജ്ജനത്തിന് ശാശ്വത പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ വൃക്ഷ സമൃദ്ധി പദ്ധതി പിണറായി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതി വിധി വനാതിർത്തിയിലെ ജനങ്ങൾക്ക് അങ്കലാപ്പുണ്ടാക്കുന്നതാണ്. ഇക്കാര്യത്തിൽ ജനങ്ങൾക്ക് ആശങ്ക വേണ്ട. വനാതിർത്തിയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം പരിസ്ഥിതി ലോല പ്രദേശമാക്കരുതെന്നാണ് കേരളത്തിന്റെ നിലപാട്. ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും ജനങ്ങളോടൊപ്പം നിൽക്കുമെന്നുമാണ് സർക്കാരിന്റെ നിലപാട്. വനം സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.