ഫാ. സ്റ്റാൻ സ്വാമിക്ക് മരണാനന്തര ബഹുമതിയായി അന്താരാഷ്ട്ര മാർട്ടിൻ എന്നൽസ് പുരസ്കാരം. മനുഷ്യാവകാശപ്രവർത്തനത്തിനുള്ള നൊബേൽ എന്നറിയപ്പെടുന്ന ഈ പുരസ്കാരം ഇന്നലെ ജനീവയിൽ നടന്ന ചടങ്ങിൽ ജാർഖണ്ഡിലെ ഈശോസഭാംഗമായ ഫാ. സേവ്യർ സോറംഗ് ഏറ്റുവാങ്ങി.
ജാർഖണ്ഡിൽ ആദിവാസി സമൂഹത്തിൽ ഉൾപ്പെടെ നിരവധി മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തിയ ഫാ. സ്റ്റാൻ സ്വാമിയെ മുംബൈയിലെ ഭീമാ കൊറേഗാവ് സംഘർഷത്തിന്റെ പേരിൽ 2020 ഒക്ടോബർ എട്ടിന് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. രോഗബാധിതനായ സ്റ്റാൻ സ്വാമി ഒമ്പതു മാസത്തെ ജയിൽവാസത്തിനിടെ 2021 ജൂലൈ അഞ്ചിനാണു മരിച്ചത്.
ബംഗളൂരുവിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ മേധാവിയായിരുന്ന ഫാ. സ്റ്റാൻ സ്വാമി ജാർഖണ്ഡിൽ മൂന്നു പതിറ്റാണ്ട് സാമൂഹിക പ്രവർത്തനം നടത്തി. ഭരണഘടനയിലെ അഞ്ചാം ഷെഡ്യൂൾ അനുസരിച്ച് ആദിവാസി സമൂഹത്തിലെ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തിയുള്ള ട്രൈബ്സ് അഡ്വൈസറി കൗണ്‍സിൽ രൂപീകരിക്കുന്നതിനും ആദിവാസി സമൂഹത്തിനുനേരേയുള്ള കേന്ദ്രസർക്കാരിന്റെ നയവൈകല്യങ്ങളെ ചോദ്യംചെയ്യുന്നതിനും ഫാ. സ്റ്റാൻ സ്വാമി മുന്നിൽ നിന്നിരുന്നു.