സ്വകാര്യ സ്ഥാപനങ്ങളിലും സംരംഭങ്ങളിലുമായി തൊഴിലെടുക്കുന്ന അഞ്ചു കോടിയോളംപേർക്ക് തിരിച്ചടിയേകി ഇപിഎഫ് പലിശനിരക്ക് കേന്ദ്ര സർക്കാർ വീണ്ടും വെട്ടിക്കുറച്ചു. 8.5 ശതമാനത്തിൽനിന്ന് 8.1 ശതമാനമായാണ് പലി ശനിരക്ക് കുറച്ചത്. 2021–-22 ൽ പലിശ 8.1 ശതമാനമാക്കാൻ ഇപിഎഫ് ട്രസ്‌റ്റി ബോർഡ് യോഗം മാർച്ചിൽ ശുപാർശ ചെയ്തിരുന്നു.
കഴിഞ്ഞ നാലു ദശക കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ബാങ്കുകളും മറ്റും പലിശനിരക്ക് കൂട്ടിയ സാഹചര്യത്തിലാണ് കേന്ദ്രനടപടി. വിവിധ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കും കേന്ദ്രം നേരത്തെ കുറച്ചിരുന്നു. എന്നാൽ, വിലക്കയറ്റം രൂക്ഷമാകുകയും ബാങ്ക് നിരക്കുകളിൽ ആർബിഐ മാറ്റംവരുത്തുകയും ചെയ്‌തു. അതോടെ പലിശ കുറയ്‌ക്കാനുള്ള ശുപാർശ വേഗം അംഗീകരിക്കുകയാണ് കേന്ദ്രം ചെയ്‌തത്. പലിശനിരക്ക് കുറയ്‌ക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ ശുപാർശ ധനമന്ത്രാലയം അംഗീകരിച്ചു. പലിശനിരക്ക് വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കാനുള്ള സാധ്യതയാണ് ഇതോടെ അടഞ്ഞത്. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ 8.1 ശതമാനം നിരക്കിൽ 2021–-22ലെ പലിശ ഇപിഎഫ് ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് കൈമാറിതുടങ്ങി.
2000–-01ൽ 12 ശതമാനമായിരുന്ന പലിശനിരക്കാണ് യുപിഎ,- എൻഡിഎ സർക്കാരുകൾ ഘട്ടംഘട്ടമായി കുറച്ച് 8.1 ശതമാനത്തിൽ എത്തിച്ചത്. മോദി അധികാരത്തിലെത്തുമ്പോൾ 8.8 ശതമാനമായിരുന്നു പലിശ. ട്രേഡ്‌യൂണിയനുകളുടെ ശക്തമായി എതിർപ്പ് അവഗണിച്ചാണ് നടപടി.