അരിയുടെ കയറ്റുമതി നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. ആഭ്യന്തരവിപണിയില്‍ അരിയുടെ ലഭ്യത ഉറപ്പാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനാണ് കയറ്റുമതി നിയന്ത്രണം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അരിവില വീണ്ടും വര്‍ധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കയറ്റമതി തോത് ഉയര്‍ത്തണമെന്ന ആവശ്യവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തുകയാണ്.
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ വിതരണശ്രംഖല നിരവധി പ്രതിസന്ധികള്‍ നേരിട്ടുവെന്നും കയറ്റുമതി തോത് ഉയര്‍ത്തണമെന്നുമാണ് വിവിധ രാജ്യങ്ങളുടെ ആവശ്യം. എന്നാല്‍ പണപ്പെരുപ്പവും വിലക്കയറ്റവും നിലവിട്ടുയരുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താനും ശ്രദ്ധയൂന്നാനുമാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇന്ധനവില കുറച്ചതുകൊണ്ട് മാത്രം മതിയാകില്ല എന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാരുള്ളത്. പഞ്ചസാര കയറ്റുമതിക്ക് ഇന്നലെ മുതല്‍ ഒക്ടോബര്‍ 31 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിദേശത്ത് നിന്ന് പഞ്ചസാര വാങ്ങാന്‍ വ്യാപാരികള്‍ അനുമതി തേടണമെന്നാണ് നിര്‍ദേശം.