സിൽവർ ലൈനിന്റെ അടിയന്തര പ്രാധാന്യം ഓർമിപ്പിച്ച് കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയ സർവേ. കേരളത്തിലെ റോഡിന് താങ്ങാനാകാത്തവിധം വാഹനപ്പെരുപ്പമുണ്ടെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നാലിൽ ഒരു കുടുംബത്തിന് കാറുണ്ട്(26 ശതമാനം). ഇന്ത്യൻ ശരാശരി എട്ടുശതമാനമാണ്. ജനസാന്ദ്രത കൂടിയ കേരളം പോലുള്ള സംസ്ഥാനത്ത് റോഡിന് സ്ഥലമേറ്റെടുക്കാൻ പരിമിതി ഏറെയാണ്.
കാറുള്ള കുടുംബങ്ങളിൽ ഒന്നാം സ്ഥാനം ഗോവയ്‌ക്കാണ് (46 ശതമാനം). പനാജി, പോണ്ട പോലുള്ള നഗരങ്ങൾ ഒഴിച്ചാൽ അവിടെ ജനസാന്ദ്രത കുറവാണ്. കാറിന്റെ ഇരട്ടിയാണ് കേരളത്തിലെ ഇരുചക്ര വാഹനങ്ങൾ. ഇവ പുറന്തള്ളുന്ന കാർബൺ വായുമലിനീകരണം ഗുരുതര ആരോഗ്യപ്രശ്നത്തിന് വഴിവയ്ക്കുന്നു. സിൽവർ ലൈൻ പ്രാവർത്തികമാകുമ്പോൾ ഇത് ഏറ്റവും കുറഞ്ഞ തോതിലാക്കാൻ സാധിക്കും. 2025 ആകുമ്പോഴേക്കും 2,80,000 ടൺ കാർബൺ അന്തരീക്ഷത്തിൽനിന്ന് നിർമാർജനം ചെയ്യാനാകും.
സിൽവർ ലൈന് വേണ്ടി 15 മുതൽ 25 മീറ്റർവരെ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ആറുവരി ദേശീയപാതയ്ക്ക് ഇതിന്റെ ഇരട്ടിയിലേറെ ഭൂമി വേണ്ടിവരും.