21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ആധുനിക സാങ്കേതികവിദ്യാ ജ്ഞാനം കുട്ടികൾക്കു ലഭ്യമാക്കാൻ പ്രത്യേക പരിപാടി ആവിഷ്‌കരിക്കും: മുഖ്യമന്ത്രി
Kerala

ആധുനിക സാങ്കേതികവിദ്യാ ജ്ഞാനം കുട്ടികൾക്കു ലഭ്യമാക്കാൻ പ്രത്യേക പരിപാടി ആവിഷ്‌കരിക്കും: മുഖ്യമന്ത്രി

ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവുകൾ കുട്ടികൾക്കു വേഗത്തിൽ ലഭ്യമാക്കുന്നതിന് പ്രത്യേക പരിപാടി ആവിഷ്‌കരിക്കുമന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാഠപുസ്തകം അറിവിന്റെ ഒരു വാതിൽ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാറുന്ന കാലത്തിന്റെ പ്രത്യേകതയ്ക്കൊപ്പം വിജ്ഞാന സമ്പാദന രീതികളും വിജ്ഞാന മേഖലകളും നവീകരിക്കപ്പെടുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ആധുനിക കാലത്തെ പല ഉപകരണങ്ങളും കൈകാര്യം ചെയ്യുന്നതിൽ കുഞ്ഞുങ്ങൾ സ്വയം മിടുക്കുകാണിക്കുന്നുണ്ട്. അതു മാറിയ കാലത്തിന്റെ പ്രത്യേകതയാണ്. നവീന സാങ്കേതികവിദ്യകൾ കുട്ടികൾക്ക് എളുപ്പത്തിൽ സ്വായത്തമാക്കാൻ കഴിയും. നാനോ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റഡാർ ടെക്നോളജി, ബയോ ഇൻഫർമാറ്റിക്സ് തുടങ്ങി വലിയ സാധ്യതകളാണ് അവർക്കു മുന്നിലുള്ളത്. ഈ മേഖലകൾക്കു പുറമേ പുതിയവ പലതും ഇനി വികസിച്ചുവെന്നു വരാം. അതെല്ലാം ഉടൻ പാഠപുസ്തകത്തിൽ വരില്ല. പാഠപുസ്തകം പരിഷ്‌കരിച്ച് അവ വരുന്നതുവരെ കാത്തുനിൽക്കാൻ സമയമില്ല. കുട്ടികൾക്ക് അത്തരം അറിവുകൾ അതുവരെ ലഭിക്കാതെപോകരുത്. അതിനായി പ്രത്യേക പരിപാടികൾ ആവിഷ്‌കരിക്കും – മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന നിലയിലേക്ക് ഉയർത്താൻ കഴിഞ്ഞിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് വിദ്യാർഥികൾക്കു പഠന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടിരുന്നെങ്കിലും കേരളത്തിൽ അത്തരമൊരു ദുർഗതിയുണ്ടായില്ല. വിദ്യാഭ്യാസം തടസമില്ലാതെ തുടരുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു. വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ചു. തുടർന്ന് ഓൺലൈൻ ക്ലാസുകൾ എല്ലാ വിദ്യാർഥികൾക്കും ലഭ്യമാക്കുന്നതിനുള്ള ഉപകരണ ലഭ്യതയ്ക്കുള്ള ശ്രമങ്ങളും ആരംഭിച്ചു. ഉപകരണങ്ങൾ സ്വന്തമായി വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്ത കുഞ്ഞുങ്ങൾക്കായി നാടാകെ ഒന്നിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലൂടെ നാട്ടിലെ വിദ്യാലയങ്ങൾ ലോക നിലവാരത്തിലേക്കെത്തിച്ചു. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കൂടി. കഴിഞ്ഞ ആറു വർഷംകൊണ്ട് 10.5 ലക്ഷം വിദ്യാർഥികൾ പുതുതായി പൊതു വിദ്യാലയങ്ങളിൽ എത്തിയതായാണു കണക്ക്. കേരളത്തിലെ എല്ലാ സ്‌കൂളുകളും, കുഗ്രാമമെന്നു പറയുന്ന സ്ഥലത്തെ സ്‌കൂൾ പോലും, ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകാൻ തക്കവിധം ഉയർത്താനാണു സർക്കാർ ശ്രമിക്കുന്നത്. സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകൾ കൂടുതൽ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നതുതന്നെയാണു സർക്കാർ ഉദ്ദേശിക്കുന്നത്. പൊതുവിദ്യാഭ്യാസ കാര്യത്തിൽ ഇനി ഒരു പിന്നോട്ടുപോക്കും പറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related posts

എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷാചോദ്യം : 70 ശതമാനം ഫോക്കസ്‌ 30 നോൺ ഫോക്കസ്‌

Aswathi Kottiyoor

എൻ‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം; മന്ത്രിസഭായോഗ തീരുമാനങ്ങൾ

Aswathi Kottiyoor

കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കാൻ സ്‌കൂളിൽ അധ്യാപകനെ ചുമതലപ്പെടുത്തും: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox