സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിപ്പെടുത്താൻ സർക്കാർ സ്വീകരിച്ച നടപടികളിൽ കക്ഷിരാഷ്ട്രീയ ഭേദചിന്തയുണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനല്ല, നാടിനാകെ അഭിമാനിക്കാവുന്നവിധമാണു പൊതുവിദ്യാഭ്യാസ രംഗത്തു വലിയ മാറ്റങ്ങൾ യാഥാർഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നവകേരളം കർമപദ്ധതി-2 വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാൻ ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവയുപയോഗിച്ചു പുതിയായി നിർമിച്ച 75 സ്‌കൂൾ കെട്ടിടങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിദ്യാലയങ്ങൾ നവീകരിക്കപ്പെട്ടതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ നാട്ടിലെ പാവപ്പെട്ടവരാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാലയങ്ങളിൽനിന്നു വലിയ തോതിൽ കുട്ടികൾ കൊഴിഞ്ഞു പോകുന്നതിന് അറുതി വരുത്താനായി. അമ്പതും നൂറും വർഷം പഴക്കമുള്ള പൊതുവിദ്യാലയങ്ങളുടെ കേടുപാടുകൾ യഥാസമയം പരിഹരിക്കപ്പെടാതെ, ഇല്ലായ്്മയുടെ പര്യായമായി അവ മാറിയ സാഹചര്യം മുൻപു കേരളത്തിലുണ്ടായിരുന്നു. ചോർന്നൊലിക്കുന്ന മേൽക്കൂരയും വിണ്ടുകീറിയ തറയും ചുവരും കാലൊടിഞ്ഞ ബെഞ്ചുകളുമൊക്കെയായിരുന്നു അക്കാലത്ത് വിദ്യാലയങ്ങളുടെ ചിത്രം. ഇതോടെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച മാതാപിതാക്കൾ അവിടേയ്ക്കു കുട്ടികളെ അയക്കാത്ത സ്ഥിതിയായി. ഇതിനൊരു മാറ്റമുണ്ടാക്കുമെന്ന വാഗ്ദാനവുമായാണു 2016ലെ സർക്കാർ അധികാരത്തിലെത്തിയത്. പൊതുവിദ്യാഭ്യാസ മേഖലയുടെ നവീകരണവും ശാക്തീകരണവും തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ പ്രഖ്യാപിച്ചതിനെ വോട്ട് സമ്പാദിക്കാനുള്ള പ്രചാരണമാണെന്നു ചിലർ ചിത്രീകരിച്ചു. എന്നാൽ ഒന്നു പറയുകയും മറ്റൊന്നു പ്രവർത്തിക്കുകയും ചെയ്യുന്നതല്ല സർക്കാരിന്റെ നയമെന്നു ബോധ്യപ്പെടുത്താൻ പിന്നീടുള്ള അഞ്ചു വർഷങ്ങൾകൊണ്ടു സർക്കാരിനു കഴിഞ്ഞു. 600 ഇനങ്ങൾ പ്രകടന പത്രികയിലുണ്ടായിരുന്നു. വിരലിലെണ്ണാവുന്നവ ഒഴികെ എല്ലാം പൂർത്തിയാക്കി.
വികസന പദ്ധതികൾ യാഥാർഥ്യമാക്കാൻ കിഫ്ബി പുനരുജ്ജീവിപ്പിച്ചതിനെ എതിർത്തവരുമുണ്ടായിരുന്നു. പരിഹാസവും പുച്ഛവുമായിരുന്നു തുടക്കത്തിൽ ഇതിനോടു പ്രകടിപ്പിച്ചത്. ധനകാര്യ സ്ഥാപനമെന്ന നിലയിൽ കിഫ്ബിക്കു പണം കിട്ടുന്നതിനു തടസമാകത്തക്കവിധമുള്ള പരാമർശങ്ങളുണ്ടായി. കിഫ്ബിയെ തകർക്കാനും വികസനത്തെ തടയാനുമുള്ള നീക്കമായിരുന്നു അത്. 50,000 കോടി രൂപയുടെ പശ്ചാത്തല വികസനം ലക്ഷ്യംവച്ചു പ്രഖ്യാപിച്ച കിഫ്ബി മുഖേന 2021 വരെ 62500 കോടി രൂപയുടെ പദ്ധതികൾക്കു ധനസഹായം നൽകാൻ കഴിഞ്ഞു. 5000 കോടി യുടെ വികസന പദ്ധതികൾ പൊതുവിദ്യാഭ്യാസ മേഖലയിൽ മാത്രം ഏറ്റെടുത്തു. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് അഞ്ചു കോടിയുടെ 110 കെട്ടിടങ്ങൾ, മൂന്നു കോടിയുടെ 106 കെട്ടിടങ്ങൾ, ഒരു കോടിയുടെ രണ്ടു കെട്ടിടങ്ങൾ എന്നിവ കിഫ്ബി മുഖേന യാഥാർഥ്യമാക്കി. ഇതിനു പുറമേയാണ് പുതുതായി 75 സ്‌കൂൾ കെട്ടിടങ്ങൾ കൂടി ഇപ്പോൾ നാടിനു സമർപ്പിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 145 സ്‌കൂൾ കെട്ടിടങ്ങൾ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്കു സമർപ്പിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. 48 ഹയർ സെക്കൻഡറി ലാബുകൾ നവീകരിച്ചു. വിദ്യാഭ്യാസ മേഖലയിക്കായി 2546 കോടി രൂപ സംസ്ഥാന ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. ഇതിൽ 1016 കോടി സ്‌കൂൾ വിദ്യാഭ്യാസ മേഖലയ്ക്കു മാത്രമാണ്. വിദ്യാലയങ്ങളെ ഭിന്നശേഷി സൗഹൃദമാക്കാൻ 15 കോടി രൂപ പ്രത്യേകമായി നീക്കിവച്ചു. ശാരീരിക പരിമിതിയുടെ പേരിൽ ഒരു കുട്ടിപോലും വിദ്യാഭ്യാസ സമ്പ്രദായത്തിനു പുറത്തായിപ്പോകരുതെന്ന നിർബന്ധം സർക്കാരിനുണ്ട്. ഉച്ചഭക്ഷണ പദ്ധതിക്കുള്ള സംസ്ഥാന വിഹിതമായി 342.64 കോടി രൂപ നീക്കിവച്ചു. പോഷകാഹാരം ഉറപ്പാക്കുന്നതിനുള്ള 192 കോടി ഉൾപ്പെടെയാണിത്. ഡിജിറ്റൽ പഠനോപകരണങ്ങൾ വിദ്യാർഥികൾക്കു ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിദ്യാകിരണം പദ്ധതിക്കു വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്. ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തു കേരളം മുന്നോട്ടുവച്ച മാതൃക രാജ്യം പിന്തുടരാൻ ഒരുങ്ങുകയാണ്. ഇക്കൊല്ലത്തെ കേന്ദ്ര ബജറ്റിൽ ഇക്കാര്യം വ്യക്തമാകും.
കോവിഡ് ലോകത്താകെയുള്ള കുട്ടികളിൽ വലിയ പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. വെല്ലുവിളികളെ നേരിടാൻ കുഞ്ഞുങ്ങളെ പ്രാപ്്തരാക്കുകയെന്നതു പ്രധാനമാണ്. കോവിഡ് കാലത്തു സ്‌കൂളുകൾ അടച്ചിട്ടതു വലിയ മാനസിക പ്രയാസമുണ്ടാക്കുന്നുണ്ട്. ഇത് ഏതെല്ലാം തരത്തിൽ കുട്ടികളെ ബാധിച്ചുവെന്നതു മനസിലാക്കണം. ഇതിനായുള്ള ആസൂത്രിത പദ്ധതികൾ സ്‌കൂൾ തലത്തിൽ ആവിഷകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വട്ടിയൂർക്കാവ് ഗവ. വി. ആൻഡ് എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ താക്കോൽ മുഖ്യമന്ത്രി വി.കെ. പ്രശാന്ത് എം.എൽ.എയ്ക്കു കൈമാറി. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, നവകേരളം കർമപദ്ധതി – 2 കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനതല ഉദ്ഘാടനത്തിനൊപ്പം മറ്റിടങ്ങളിൽ പ്രാദേശിക ചടങ്ങുകളും സംഘടിപ്പിച്ചു. വിവിധയിടങ്ങളിൽ മന്ത്രിമാർ, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.