കണ്ണൂർ: മുടങ്ങിക്കിടക്കുന്ന കെഎസ്ആർടിസി സർവീസുകൾ ഗ്രാമവണ്ടി പദ്ധതിയിൽ ഉൾപ്പെടുത്തി ഡീസൽ ചെലവ് വഹിച്ചു കൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുനരാരംഭിക്കാമെന്ന് കെഎസ്ആർടിസി അധികൃതർ ജില്ലാവികസനസമിതിയോഗത്തെ അറിയിച്ചു. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ പദ്ധതിയിലേക്ക് നിർദേശങ്ങൾ ലഭിച്ചിട്ടില്ല. കോവിഡ് കാലത്ത് നിർത്തലാക്കിയ സർവീസുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ റോഡ് സുരക്ഷാ കൗൺസിലിൽ ചർച്ച ചെയ്ത് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എഡിഎം കെ.കെ. ദിവാകരൻ യോഗത്തെ അറിയിച്ചു. ഇക്കാര്യം ജില്ലാ വികസന സമിതിയുടെ തീരുമാനമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് കെഎസ്ആർ ടി സി ചെയർമാന് കത്ത് നൽകിയിട്ടുണ്ട്.
ലൈഫ് മിഷനിൽ ജില്ലയിൽ നിർമിക്കുന്ന ഫ്ളാറ്റുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ടി.ഐ. മധുസൂദനൻ എംഎൽഎ നിർദേശിച്ചു. ചെറുപുഴ എയ്യംകൽ അംബേദ്കർ കോളനിയിലെ നിർമാണ പ്രവൃത്തികൾ തുടങ്ങാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് ഐടിഡിപി പ്രോജക്ട് ഓഫീസർക്ക് യോഗം നിർദേശം നൽകി.
ഒന്നര വർഷമായി നടക്കുന്ന മാതമംഗലം ജിഎൽപി സ്കൂൾ കെട്ടിട നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് എംഎൽ എ പരാതിപ്പെട്ടു. 60 ശതമാനം നിർമാണം പൂർത്തിയായതായും സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുമെന്ന് ജില്ലാ നിർമിതി കേന്ദ്രം യോഗത്തെ അറിയിച്ചു.
കരാറുകാരുടെ ഭാഗത്തു നിന്നുള്ള ഇടപെടൽ മൂലം ഒരു പദ്ധതി തടസപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് എംഎൽഎ പറഞ്ഞു. പയ്യന്നൂർ നഗരസഭ കുടിവെള്ള പദ്ധതി പ്രവൃത്തി പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന പയ്യന്നൂർ നഗരസഭാ ചെയർപേഴ്സന്റെ പരാമർശത്തിലാണ് എംഎൽഎ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപ ചെലവഴിച്ച് പള്ളിക്കുന്ന്, പുഴാതി സ്കൂൾ കെട്ടിടം നിർമിക്കുന്നതിന് അംഗീകാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പള്ളിക്കുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂൾ സിവിൽ വർക്കിന്റെ എസ്റ്റിമേറ്റ് പൂർത്തിയാക്കിയിട്ടുണ്ടെന്നും ഇലക്ട്രിക്കൽ എസ്റ്റിമേറ്റ് ഉടൻ ലഭ്യമാക്കാൻ ഇലക്ട്രിക്കൽ വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും കോർപറേഷൻ സെക്രട്ടറി അറിയിച്ചു.
തുരുത്തി മുക്ക് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുപ്പിനായി കിഫ്ബിയിൽ നിന്നും കെ ആർ എഫ് ബിക്ക് ലഭിച്ച തുക ട്രഷറിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും തുടർന്നുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.