ഈ വർഷത്തെ ബുക്കർ പുരസ്കാരം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ “രേത് സമാധി’ എന്ന ഹിന്ദി നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷ “ടോംബ് ഓഫ് സാന്‍ഡ്’ ആണ് പുരസ്കാരത്തിന് അര്‍ഹമായത്. പുസ്തകത്തിന്‍റെ ഇംഗ്ലീഷ് വിവർത്തക അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക് വെല്ലും പുരസ്കാരം പങ്കിട്ടു.
വ്യാഴാഴ്ച ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അന്തിമപ്പട്ടികയിൽ ആറു നോവലുകളാണ് ഉണ്ടായിരുന്നത്. ഹിന്ദിയിലുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കര്‍ പുരസ്കാരം ലഭിക്കുന്നത്. 50,000 യൂറോ (41.6 ലക്ഷം രൂപ) ആണ് പുരസ്കാര തുക. ഇത് ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക് വെല്ലും പങ്കിടും.
ഉത്തർപ്രദേശിലെ മെയിന്‍പുരിയില്‍ ജനിച്ച ഗീതാഞ്ജലി ശ്രീ ഇതുവരെ നാല് നോവലുകളും ഒട്ടേറെ കഥകളും എഴുതിയിട്ടുണ്ട്. ഹിന്ദിയില്‍ 2018 ല്‍ പ്രസിദ്ധീകരിച്ച “രേത് സമാധി’ എന്ന പുസ്തകമാണ് “ടോംബ് ഓഫ് സാന്‍ഡ്’ എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.