കേളകം: കാട്ടുപന്നിയെ വെടിവയ്ക്കാൻ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് അധികാരം നൽകിക്കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഉണ്ടയില്ലാ വെടിയെന്ന് ആക്ഷേപം. നിലവിൽ റേഞ്ച് ഓഫീസർ തസ്തികയിലുള്ള ഒരാൾക്ക് ഈ ഉത്തരവ് പുറപ്പെടുവിക്കാമെന്നിരിക്കെ പഞ്ചായത്ത് പ്രസിഡന്റിനോ സെക്രട്ടറിക്കോ ഈ അധികാരം കൈമാറിയതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും കർഷകന് ലഭിക്കില്ലെന്നാണ് ആക്ഷേപം.
മലയോരമേഖലയിൽ തോക്ക് ലൈസൻസുള്ള കർഷകർ വളരെ കുറവാണ്. അപകടകാരിയായ ഒരു കാട്ടുപന്നിയെ കണ്ടെത്തിയാൽ പഞ്ചായത്ത് പ്രസിഡന്റ് കൊല്ലാൻ ഉത്തരവ് നൽകിയാലും തോക്ക് ലൈസൻസുള്ള വ്യക്തി വരുന്നതുവരെ പന്നി കാത്തുനിൽക്കുമോ എന്നതാണ് കർഷകർ ഉയർത്തുന്ന പ്രധാന ചോദ്യം.
വെടിവയ്ക്കുകയല്ലാതെ മറ്റൊരു മാർഗവും സർക്കാർ നിർദേശിക്കുന്നുമില്ല. നേരത്തെ വനാതിർത്തിയിൽനിന്ന് രണ്ടു കിലോമീറ്റർ ദൂരപരിധിക്കു ശേഷം കുടുക്ക് വയ്ക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ പുതിയ ഉത്തരവിൽ ഇത് കേന്ദ്ര നിയമങ്ങൾക്ക് വിരുദ്ധമായതുകൊണ്ട് അനുമതിയില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. കർഷകർക്ക് തോക്ക് ലൈസൻസ് നൽകാനുള്ള സത്വരനടപടികൾ ഉണ്ടാകാതെ വെടിവയ്ക്കാൻ ഉത്തരവിടാനുള്ള അധികാരം ആർക്കു കൈമാറിയാലും കാര്യമില്ലെന്നാണ് കർഷകർ പറയുന്നത്.
ഉപാധിരഹിതമായി കൃഷിയിടത്തിൽ എത്തുന്ന കാട്ടുപന്നിയെ കൊല്ലുവാനുള്ള ഉത്തരവാണു വേണ്ടത്. മറ്റു സംസ്ഥാനങ്ങൾ ഇത് നടപ്പിലാക്കുന്നുണ്ട്. തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ കാട്ടുപന്നി ക്ഷുദ്രജീവിയാണ്.
കൃഷിയിടത്തിൽ എത്തുന്ന കാട്ടുപന്നികളിൽ ഭൂരിഭാഗവും വനത്തിൽനിന്നെത്തുന്നവയല്ല. കാട്ടിൽ കയറി കാട്ടുപന്നികളെ കൊല്ലുവാനുള്ള അനുമതിയല്ല കർഷകർ ആവശ്യപ്പെടുന്നത്. മറിച്ച് കൃഷിയിടത്തിൽ എത്തുന്ന അപകടകാരിയായ കാട്ടുപന്നികളെ ഉപാധിരഹിതമായി കൊല്ലാൻ അനുമതി വേണമെന്നാണ്. കേരള ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ കേസിൽ കക്ഷിചേർന്ന കർഷകർക്ക് ഇതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്.